സഭയുടെ ആശുപത്രികൾ വിട്ടുനൽകാമെന്നു മാർ ആലഞ്ചേരി; നന്ദിയുണ്ടെന്നും ആരോഗ്യരംഗം ശക്തിപെടുത്തുമെന്നും പിണറായി വിജയൻ

കൊറോണ ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമെങ്കിൽ സഭകളുടെ കീഴിലുള്ള ആശുപത്രികൾ വിട്ടുനൽകാമെന്ന് സിറോ മലബാർ സഭാധ്യക്ഷനും കെ.സി.ബി.സി. പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു.

ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ വിട്ടുനൽകാമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യ ആശുപത്രികളുള്ളത് കത്തോലിക്ക സഭകൾക്കാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. ഇതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.ഇങ്ങനെ ഒരു തീരുമാനം എടുത്തതിനു നന്ദിയുണ്ടെന്നും ഈ തീരുമാനം സർക്കാർ സംവിധാനങ്ങളെ ശക്തിപെടുത്തും എന്നും സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂർണ രൂപത്തിൽ

”കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടു തരാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചു. കെ.സി.ബി.സി. പ്രസിഡണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാമെന്നും അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ സർക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദി പറയുന്നു. നമ്മുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാരിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നു.”

Share this news

Leave a Reply

%d bloggers like this: