കോവിഡ്‌‐19; മഹാമാരിക്കെതിരെ പോരാടാൻ കായികലോകം, പ്രമുഖ താരങ്ങൾ രംഗത്ത്

കൊറൊണ വൈറസ് വ്യാപനം ലോകത്താകെ ഭീതി പടർത്തുന്നതിനിടെ സഹായഹസ്‌തവുമായി കായികലോകം. ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും പരിശീലകൻ പെപ്‌ ഗ്വാർഡിയോളയുമാണ്‌ രംഗത്തെത്തിയത്‌. ജർമൻ ഫുട്‌ബോൾ ടീമും സഹായം നൽകിയിരുന്നു.

ടെന്നീസ്‌ താരം റോജർ ഫെഡററും രംഗത്തുണ്ട്‌. സ്‌പെയ്‌നിലെയും അർജന്റീനയിലെയും ആശുപത്രികൾക്കാണ്‌ മെസി സാമ്പത്തിക സഹായം നൽകിയത്‌. സ്‌പെയ്‌നിൽ ബാഴ്‌സലോണയിലെ ഹോസ്‌പിറ്റൽ ക്ലിനിക്കിനും അർജന്റീനയിൽ റൊസാരിയോവിലെ മെഡിക്കൽ സെന്ററിനും പണം നൽകി. ഏകദേശം ഒമ്പത്‌ കോടി രൂപയാണ്‌ ഈ ബാഴ്‌സലോണ താരം നൽകിയതെന്നാണ്‌ സൂചന.

ഒമ്പത്‌ കോടി രൂപ ദുരിതാശ്വാസ പ്രവർത്തനത്തിനായി മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ഗ്വാർഡിയോള നൽകി. ബാഴ്‌സലോണ മെഡിക്കൽ കോളേജും ഏഞ്ചൽ സോളെർ ഡാനിയേൽ ഫൗണ്ടേഷനും നടത്തുന്ന സന്നദ്ധ സേവനത്തിലാണ്‌ ഗ്വാർഡിയോള പങ്കാളിയായത്‌. ദുരിതബാധിതരെ സഹായിക്കാൻ ഒപ്പമുണ്ടാകുമെന്ന്‌ റയൽ മാഡ്രിഡ്‌ ക്യാപ്‌റ്റൻ സെർജിയോ റാമോസും വ്യക്തമാക്കി.

സ്‌പെയ്‌നിൽ കോവിഡ്‌–-19 വ്യാപനം തുടരുകയാണ്‌. യുവന്റസ്‌ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഏജന്റ്‌ ഹോർജെ മെൻഡെസും പോർച്ചുഗലിന്‌ സഹായം നൽകി. ലിസ്‌ബണിലെയും പോർടോയിലെയും ആശുപത്രികൾക്ക്‌ ചികിത്സാ ഉപകരണങ്ങൾ നൽകി.  ഫെഡററും ഭാര്യ മിർകയും എട്ട്‌ കോടി രൂപയുടെ സാമ്പത്തിക സഹായമാണ്‌ സ്വിറ്റ്‌സർലൻഡിന്‌ നൽകിയത്‌. 

ബയേൺ മുന്നേറ്റക്കാരൻ റോബർട്‌ ലെവൻഡോവ്‌സ്‌കിയും ലിയോൺ ഗൊറെസ്‌കയും ജോഷ്വാ കിമ്മിച്ചും സാമ്പത്തിക സഹായം നൽകി. ഇന്ത്യയിൽ ബംഗാൾ ക്രിക്കറ്റ്‌ അസോസിയേഷനാണ്‌ ആദ്യമായി രംഗത്തെത്തിയത്‌. 30 ലക്ഷം രൂപ നൽകും. ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ താരങ്ങളുടെ ശമ്പളത്തിന്റെ പകുതി രോഗബാധിതരെ സഹായിക്കാനായി നൽകി.

Share this news

Leave a Reply

%d bloggers like this: