കേരളത്തിലും കൊവിഡ് മരണം; 69 കാരനായ കൊച്ചി സ്വദേശി മരിച്ചു.

കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന കൊച്ചി സ്വദേശി മരിച്ചു. 69 വയസായിരുന്നു. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശി കളമശേരി മെഡിക്കൽ കോളജിലാണ് മരിച്ചത്.

കടുത്ത നിമോണിയയും ശ്വാസതടയവുമാണ് മരണകാരണം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്റെ ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. ദുബായിലായിരുന്ന ഇദ്ദേഹം മാർച്ച് 21നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണ ലക്ഷണങ്ങൾ കണ്ട് ദിവസങ്ങൾക്കകമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ദുബായി-കൊച്ചി വിമാനത്തിൽ ഇയാൾക്കൊപ്പം യാത്ര ചെയ്തവർ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. ഇന്നലെ മാത്രം 39 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.

Share this news

Leave a Reply

%d bloggers like this: