ലണ്ടനിൽ ഇസ്​കോണിന്‍റെ ചടങ്ങിൽ പ​ങ്കെടുത്ത അഞ്ചുപേർ കോവിഡ്​ ബാധിച്ച്​ മരിച്ചു; 21 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു ‘ഹരേ കൃഷ്​ണ പ്രസ്​ഥാനം’ എന്നറിയപ്പെടുന്ന ഇസ്​കോണിന് കേരളത്തിലടക്കം ശാഖകളുണ്ട്

ലണ്ടനിൽ ​ഹൈന്ദവ സംഘടനയായ ഇസ്​കോണിന്‍റെ ചടങ്ങിൽ സംബന്ധിച്ച അഞ്ചു പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 21 പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചു. രോഗം കൂടുതൽ പേരിലേക്ക്​ പടരാൻ സാധ്യതയുണ്ടെന്നും അംഗങ്ങൾ സർക്കാർ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ച്​ ജാഗ്രത പുലർത്തണമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലടക്കം ശാഖകളുള്ള ‘ഹരേ കൃഷ്​ണ പ്രസ്​ഥാനം’ എന്നറിയപ്പെടുന്ന, ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് (ഇസ്​കോൺ) സംഘടിപ്പിച്ച ചടങ്ങുകളാണ്​ രോഗ വ്യാപനത്തിന്​ ഇടയാക്കിയത്​. സംഘടനയിൽ അംഗമായയാളു​ടെ ശവസംസ്കാരത്തോട് അനുബന്ധിച്ചാണ്​ മാർച്ച്​ 12നും 15നും ചടങ്ങുകൾ നടത്തിയത്​. ലണ്ടനിലെ ഭക്തിവേദാന്ത മാനോറിലും സോഹോ സ്​ട്രീറ്റിലുമായിരുന്നു വേദികൾ. ഇതിൽ ആയിരത്തോളം പേർ പങ്കെടുത്തതായി ഇസ്​കോൺ വെബ്​സൈറ്റ്​ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

സംഘടനയു​ടെ മുതിർന്ന അംഗമായ രാമേശ്വര ദാസും മരിച്ചവരിൽ ഉൾപ്പെടും. മറ്റുള്ളവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. രാജ്യത്ത്​ കോവിഡ്​ സംബന്ധമായ നിയന്ത്രണങ്ങൾ ഒന്നും നടപ്പാക്കാത്ത സമയത്താണ്​ ചടങ്ങുകൾ നടന്ന​തെന്ന്​ ഇസ്​കോൺ ഗവേണിങ്​ ബോഡി കമ്മീഷൻ ചെയർമാൻ പ്രഘോസ ദാസ് പറഞ്ഞു.
ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ ഒരാഴ്​ച മുമ്പുത​ന്നെ ഇസ്​കോണി​​ൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും അടച്ചിട്ടിരുന്നു. മനപൂർവമല്ലാതെ സംഭവിച്ച കാര്യത്തി​​ൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളെ അനാവശ്യമായി ക്രൂശിക്കുകയാണ്​. രോഗം പടരാതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തും. സർക്കാർ നിർദേശങ്ങളും മുൻകരുതലുകളും അംഗങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തും – അദ്ദേഹം പറഞ്ഞു.

1966-ൽ ന്യൂയോർക്ക് സിറ്റിയിൽ എ.സി. ഭക്തിവേദാന്ത സ്വാമിയാണ്​ ഇസ്‌കോൺ സ്​ഥാപിച്ചത്​. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ദശലക്ഷക്കണക്കിന് അംഗങ്ങളുണ്ട്​. അഞ്ഞൂറോളം പ്രധാന കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, സസ്യാഹാര ഹോട്ടലുകൾ തുടങ്ങിയവ സംഘടനക്ക്​ കീഴിലുണ്ട്​.

Share this news

Leave a Reply

%d bloggers like this: