Saturday, July 11, 2020

ഏറ്റവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പും ഫെയ്‌സ്ബുക്കും; നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍

Updated on 13-04-2020 at 7:44 am

Share this news

കോവിഡ് -19 സമൂഹ വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളും ബന്ധുക്കളുമായി സംസാരിക്കാനുമെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല വീഡിയോ കോളിംഗ് ആപ്പുകളുടെയും ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ വാട്‌സാപ് ഉപയോഗിക്കാന്‍ എളുപ്പമാണെന്നിരിക്കെ പ്രാദേശികമായി കൂടുതല്‍ ഉപയോക്താക്കളാണ് ഇപ്പോള്‍ വാട്‌സാപ്പ് വിഡിയോ കോളിംഗ് ചെയ്യുന്നത്. ഒരേ സമയം നാല് പേരെ മാത്രം ഗ്രൂപ്പ് കോളിംഗില്‍ ഉള്‍പ്പെടുത്താവുന്ന വാട്‌സ്ആപ്പിലെ വീഡിയോകോളുകള്‍ക്കും ഉപയോക്താക്കള്‍ ഏറെയാണ്.

ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ഒന്നിച്ച് കോള്‍ ചെയ്യുന്നതിനായി പ്രത്യേക ബട്ടണ്‍ നല്‍കിയിരിക്കുകയാണ് കമ്പനി. ഒറ്റ ടച്ചിലൂടെ ഗ്രൂപ്പിലെ ആളുകളുമായി വീഡിയോ/ഓഡിയോ കോളുകള്‍ വിളിക്കാന്‍ സാധിക്കുമെന്നതാണ് സൗകര്യം. ഗ്രൂപ്പില്‍ നാലില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ഈ പുതിയ സവിശേഷത ലഭിക്കില്ല. നാലോ അതില്‍ കുറവോ ആളുകള്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളു. എന്നാല്‍ ഈ കോളിംഗ് ലഭ്യമാക്കാന്‍ നിലവിലുള്ള പ്രൊഫഷണല്‍ അഥവാ ഫാമിലി ഗ്രൂപ്പുകളെ നാല് പേര്‍ വീതമുള്ള പുതു ഗ്രൂപ്പുകളാക്കി ആണ് പലരും സവിശേഷത ഉപയോഗപ്പെടുത്തുന്നത്.

നേരത്തെ വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് കോളുകള്‍ ചെയ്യാനായി ഒരാളെ വിളിച്ചതിന് ശേഷം മറ്റുള്ളവരെ ഒരോരുത്തരെയായി ആഡ് ചെയ്യേണ്ടി വരുമായിരുന്നു. എന്നാല്‍ പുതിയ സവിശേഷതയില്‍ നാലോ നാലില്‍ താഴെയോ അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ എളുപ്പത്തില്‍ കോളുകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഫേസ്ബുക്കിന്റ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ലഭ്യമാണ്.

ഈ സൗകര്യം ലഭിക്കാന്‍ പുതിയ ഗ്രൂപ്പ് കോളിംഗ് സവിശേഷത ലഭിക്കാന്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആദ്യം അവരുടെ വാട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. അതിനുശേഷം നാലോ അതില്‍ കുറവോ മെമ്പര്‍മാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ചാറ്റ് ബോക്‌സ് തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ‘വീഡിയോ’ അല്ലെങ്കില്‍ ‘വോയ്സ്’ കോള്‍ ഐക്കണില്‍ ടാപ്പു ചെയ്താല്‍ കോളുകള്‍ വിളക്കാം. ഓരോ മെമ്പര്‍മാരെയും പ്രത്യേകം സെര്‍ച്ച് ചെയ്ത് ആഡ് ചെയ്യേണ്ട ആവശ്യം ഇനി വരില്ല.

അഡ്വാന്‍സ് സെര്‍ച്ച്

വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡിനായി ഒരു പുതിയ ബീറ്റ പതിപ്പ് കൂടെ കമ്പനി പുറത്തിറക്കി. ഒരു ‘അഡ്വാന്‍സ് സെര്‍ച്ച്’ ഫീച്ചറോടെയാണ് ഇത് വരുന്നത്. ഉപയോക്താക്കള്‍ക്ക് ഏത് തരത്തിലുള്ള മീഡിയയും കണ്ടെത്താന്‍ സാധിക്കും. വ്യാജ വാര്‍ത്തകളുടെ പ്രചരണവും തെറ്റായ വിവരങ്ങളും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും വാട്‌സ്ആപ്പ് നടത്തുന്നുണ്ട്. അഞ്ച് തവണ വരെ ഒരേ മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ അനുവദിച്ചിരുന്ന മുമ്പുണ്ടായിരുന്ന ഫോര്‍വേഡ് മെസേജ് നിയമം മാറ്റുകയും മെസേജ് ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഒരു സമയം ഒരു കോണ്‍ടാക്ടിന് മാത്രം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട മേസേജുകള്‍ അയയ്ക്കുമ്പോളാണിത്.

ഫെയ്‌സ്ബുക്ക് ക്വയറ്റ് മോഡ്
ഫെയ്‌സ്‌സ്ബുക്കും അടുത്തിടെ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു. കോവിഡ് കാലത്ത് ആവശ്യമുള്ളതും അാവശ്യമായതുമായ നിരവധി നോട്ടിഫിക്കേഷനുകളുടെ പ്രളയമാണ്. എന്നാല്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ സമാധാനമായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് വരുന്ന നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഫേസ്ബുക്ക് പുറത്തിറക്കിയത്. ഈ പുതിയ ഫീച്ചഫിനെ ക്വയറ്റ് മോഡ് (Quiet Mode )എന്നാണ് വിളിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് വെര്‍ഷനില്‍ ഇത് ലഭ്യമാകും.

അടുത്ത മാസത്തോടെ ലോകമെമ്പാടുമുള്ള ഐഒഎസ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡിവൈസിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേറ്റ് കാണാന്‍ കഴിയും. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ പുറത്തുവിടാതെ ലൊക്കേഷന്‍ സമൂഹ ബന്ധങ്ങള്‍ തുടങ്ങിയവ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനുള്ള സൗകര്യവും കമ്പനി ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസ് ചെറുക്കാനുള്ള ശ്രമങ്ങളില്‍ തങ്ങള്‍ക്കാവുന്ന വിധം സര്‍ക്കാരുകളെ സഹായിക്കാനുള്ള ശ്രമങ്ങളിലാണ് ഫെയ്‌സ്ബുക്ക്.

comments


 

Other news in this section
WhatsApp chat