ജൂൺ വരെ വിമാനയാത്ര ബുക്കിങ്ങുകൾ സ്വീകരിക്കരുത്: വിമാനക്കമ്പനികളോട് ഇന്ത്യ ഗവണ്മെന്റ്

രാജ്യത്തിനകത്തും പുറത്തും കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജൂലൈക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യയിലും മറ്റ് ലോകരാജ്യങ്ങളിലും വൈറസ്‌ വ്യാപിക്കാനുണ്ടായ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അനിയന്ത്രിതമായി വിദേശത്തു നിന്നുള്ള ആളുകളുടെ സന്ദർശനാമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രകൾക്ക് അനുമതി നൽകാൻ സർക്കാർ തയ്യാറല്ലെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ഡെമസ്റ്റിക് സർവീസുകൾ അനുവദിക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

എയർ ഇന്ത്യ കഴിഞ്ഞദിവസം ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ് ഓപ്പൺ ചെയ്തിരുന്നു. മെയ് 4 മുതൽ ജൂൺ 1 വരെയുള്ള ആഭ്യന്തര-അന്തർദേശീയ യാത്രകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിക്കുകയും ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പ് ഇടപെടുകയും യാത്രകൾ നടത്താൻ സാധിക്കില്ലെന്ന് കമ്പനിയെ അറിയിക്കുകയും ചെയ്തു.

ആഭ്യന്തര, അന്തർദേശീയ യാത്രകൾ പുനരാരംഭിക്കുവാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതിന് ശേഷം മാത്രമേ വിമാനക്കമ്പനികൾക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ സാധിക്കുള്ളുവെന്നും സിവിൽഏവിയേഷൻ മന്ത്രി ഹർദീപ് പുരി പറഞ്ഞു.

1.3 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ ലോകത്തെ മറ്റു രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കർശനമായ ലോക്ക്ഡൗൺ ആണ് നടപ്പാക്കിയിട്ടുള്ളത്. കോവിഡ് -19 കേസുകൾ വർദ്ധിക്കാതിരിക്കാൻ ഇത് സഹായിക്കുമെന്നും സർക്കാർ അറിയിച്ചു. വൈറസ്‌ നിയന്ത്രണ വിധേയമായാൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള യാത്ര നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഘട്ടഘട്ടമായി പിൻവലിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: