കോവിഡ്-19: രോഗികളിൽ അണുനാശിനികൾ കുത്തിവയ്ക്കരുത്, ഡെറ്റോൾ നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി

ഒരു സാഹചര്യത്തിലും അണുനാശിനിയോ അത്തരത്തിലുള്ള ഉൽ‌പന്നങ്ങളോ മനുഷ്യ ശരീരത്തിൽ കുത്തിവയ്ക്കുകയോ മരുന്നായി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഡെറ്റോൾ നിർമ്മാതാക്കളായ റെക്കിറ്റ് ബെൻകിസർ അറിയിച്ചു. കോവിഡ് -19 ചികിത്സക്കായി അണുനാശിനികൾ ശരീരത്തിൽ കുത്തിവയ്ക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചതിനെത്തുടർന്നാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

വൈറസിനെതിരെ അണുനാശിനികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഗവേഷകർ നിരീക്ഷിക്കണമെന്നും അവ ആളുകളിലേക്ക് കുത്തിവയ്ക്കാൻ കഴിയുമോ എന്ന് കണ്ടെത്തണമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഒരു സാഹചര്യത്തിലും അണുനാശക ഉൽ‌പന്നങ്ങൾ മനുഷ്യശരീരത്തിലേക്ക് നൽകരുതെന്നും മറ്റെല്ലാ ഉൽ‌പ്പന്നങ്ങളെയും പോലെ അണുനാശിനികളും കമ്പനി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾക്കനുസൃതമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും കമ്പനി അറിയിച്ചു.

കൊറോണ വൈറസിനെതിരെ മനുഷ്യശരീരത്തിലേക്ക് അണുനാശിനികൾ കുത്തിവയ്ക്കാമെന്ന ട്രംപിന്റെ നിർദ്ദേശത്തെ ആരോഗ്യംവിദഗ്ധർ രൂക്ഷമായി വിമർശിച്ചു.
ഈ നിർദ്ദേശം പരിഗണനയിൽ ഇല്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് വില്യം ബ്രയാൻ പറഞ്ഞു.

അണുനാശിനി, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ ശരീരത്തിന് ഹാനികരമാണെന്നും ജീവന് തന്നെ ഭീഷണിയാണെന്നും കമ്പനി അറിയിച്ചു. സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയും സോഷ്യൽമീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: