ആമിർ പാവങ്ങൾക്ക് ഒരുകിലോ ആട്ട നൽകി; തുറന്നപ്പോൾ 15,000രൂപ; സത്യമിങ്ങനെ…!

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം മുതല്‍ പാറിക്കളിക്കുന്നൊരു ചൂടുള്ള വാര്‍ത്ത ആമിര്‍ഖാനുമായി ബന്ധപ്പെട്ടതാണ്. ആമിര്‍ നിര്‍ധനര്‍ക്ക് ഗോതമ്പ് മാവിനുള്ളില്‍ 15000 രൂപ വീതം രഹസ്യമായി വച്ചു നല്‍കി എന്നതാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന വാര്‍ത്ത. ‘സിനിമയില്‍ മാസും ട്വിസ്റ്റും കാണിക്കാന്‍ എല്ലാ താരങ്ങള്‍ക്കും പറ്റും ജീവിതത്തില്‍ അതാവാര്‍ത്തിക്കാന്‍ ആമിര്‍ഖാന് കഴിയും. പാവപ്പെട്ടവര്‍ക്കായി താരം ഒരു കിലോ ആട്ട വിതരണം ചെയ്തു. ഒരു കിലോ മാത്രമായതിനാല്‍ ആവശ്യക്കാരായ പാവങ്ങള്‍ മാത്രം വാങ്ങാനെത്തി. വീട്ടിലെത്തി കവര്‍ തുറന്നപ്പോള്‍ അതില്‍ 15,000 രൂപ..’ ഇതായിരുന്നു പ്രചരണങ്ങളെ കൊഴുപ്പിച്ച ഡയലോഗ്. സംഭവം കേട്ടപാതി കേള്‍ക്കാത്ത പാതി പലരും ഷെയര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇത് വെറും വ്യാജപ്രചാരണം മാത്രമാണ്. ടിക്ടോക്കില്‍ ആരോ ചെയ്ത വിഡിയോയിലെ സന്ദേശമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന്‍ എന്ന യുവാവിന്റെ ടിക് ടോക് വീഡിയോയില്‍ നിന്നാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത്. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോ സഹിതം ഇയാള്‍ പങ്കുവച്ചിരുന്നു.

‘ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതമാണ് നല്‍കുകയെന്ന് വ്യക്തമാക്കി. ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.’ ഇതാണ് വിഡിയോയില്‍ യുവാവ് പറയുന്നത്. ഇതാണ് പിന്നീട് ആമിര്‍ ഖാന്റെ പേരില്‍ പ്രചരിച്ചത്.

Share this news

Leave a Reply

%d bloggers like this: