കോർക്കിൽ കാളയുടെ ആക്രമണത്തിന് ഇരയായ എഴുപത്തിനാലുകാരൻ മരിച്ചു

പടിഞ്ഞാറൻ കൗണ്ടി കോർക്കിലെ ഫാം തൊഴിലാളിയായ എഴുപത്തിനാലുകാരൻ കാളയുടെ ആക്രമണത്തെ തുടർന്ന് മരണമടഞ്ഞു. ശനിയാഴ്ച രാത്രിയാണ് വയോധികനെ കാള ആക്രമിച്ചത്.

സംഭവത്തെത്തുടർന്ന് ഗാർഡയും ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയും(HSA) അന്വേഷണം ആരംഭിച്ചു. ബല്ലിൻഹാസിഗിലെ ബാലിനൊലോഗിയിലെ ഡയറി ഫാമിലെ തൊഴിലാളിയാണ് ആക്രമണത്തിൽ മരിച്ചത്. ഫ്രീസിയൻ ഇനത്തിൽപെട്ട കാളയാണ്  വയോധികനെ ആക്രമിച്ചത്.

കാളയുടെ പിന്നിൽ നിന്നുള്ള
ആക്രമണത്തിൽ ജീവനക്കാരന്റെ   തലയ്ക്ക് സാരമായി പരിക്കേറ്റു.
ഒപ്പം ജോലിചെയ്തിരുന്ന രണ്ടുപേർ അറിയിച്ചതിനെ തുടർന്ന്
എമർജൻസി സേവനം ലഭിച്ചുവെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ ജീവനക്കാരൻ മരിച്ചു. തുടർന്ന് മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക്(CUH) മാറ്റി.

സംഭവസമയത്ത് ഫാമിൽ കൂടെ ജോലി ചെയ്തിരുന്ന രണ്ടുപേരിൽ നിന്ന് ഗാർഡ മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ട റിപ്പോർട്ടും ശേഖരിക്കുമെന്നും ഗാർഡ അറിയിച്ചു.

സംഭവത്തെക്കുറിച്ച് HSA-യും   അന്വേഷണം നടത്തും. അന്വേഷണത്തിന്റെ ഭാഗമായി ഇൻസ്പെക്ടർമാർ സംഭവസ്ഥലം സന്ദർശിക്കുമെന്നും HSA അറിയിച്ചു.

ആറ് ആഴ്ചയ്ക്കിടയിൽ രണ്ടാമത്തെ സംഭവമാണ് ശനിയാഴ്ച നടന്നത്.  കന്നുകാലികൾക്ക് തീറ്റ നൽകുന്നതിനിടയിൽ കാള  ആക്രമിച്ചതിനെ തുടർന്ന് അറുപത്തിനാലുകാരൻ മരണമടഞ്ഞിരുന്നു.

അയർലണ്ടിലെ ഏറ്റവും അപകടകരമായ തൊഴിലിടമായി ഫാർമുകൾ മാറുന്നുവെന്നും 2019-ൽ 18 പേരാണ് അയർലണ്ടിലെ വിവിധ ഫാമുകളിലായി മരണമടഞ്ഞതെന്നും HSA പറഞ്ഞു.

2010-നും 2019-നുമിടയിൽ 214പേരാണ്  ഐറിഷ് ഫാമുകളിലെ അപകടങ്ങളിൽപ്പെട്ട് മരിച്ചത്.

Share this news

Leave a Reply

%d bloggers like this: