ലാലിയുടെ ഹൃദയതാളവുമായി ലീന; ടീച്ചറുടെ ഹൃദയം ലീനയിൽ തുടിച്ചു തുടങ്ങി

മസ്‌തിഷ്കമരണം സംഭവിച്ച ലാലി ടീച്ചറുടെ ഹൃദയം അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കുശേഷം ലീനയിൽ മിടിച്ചുതുടങ്ങി. മൂന്നുമണിക്കൂർ 52 മിനിറ്റിനുള്ളിലാണ്‌ ലീനയുടെ ശരീരത്തിൽ ഹൃദയം പ്രവർത്തിച്ചുതുടങ്ങിയത്‌. ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം‌ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി‌. ലീനയെ രാത്രിതന്നെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ തൃപ്തരാണെന്നും തിങ്കളാഴ്ച വെന്റിലേറ്ററിൽനിന്ന് മാറ്റാനാകുമെന്നു‌ പ്രതീക്ഷയെന്നും മെഡിക്കൽ സംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏറെ കാലമായി ഹൃദ്‌രോഗത്തിന്‌ ചികിത്സയിലായിരുന്നു കോതമംഗലം സ്വദേശിയായ‌ ലീന. തിരുവനന്തപുരം കിംസിൽ അന്യൂറിസം ബാധിച്ച് മസ്‌തിഷ്‌കമരണം സംഭവിച്ച ചെമ്പഴന്തി കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറിന്റെ (50) ഹൃദയമാണ്‌ കൊച്ചിയിലെത്തിച്ചത്‌. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടനും മുൻ എംപി  പി രാജീവും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട്‌ എയർ ആംബുലൻസ്‌ സംവിധാനം ഒരുക്കുകയായിരുന്നു. പൊലീസിനുവേണ്ടി മാർച്ചിൽ വാടകക്കെടുത്ത ഹെലികോപ്‌റ്റർ ആദ്യമായാണ്‌ ഒരു ദൗത്യം ഏറ്റെടുത്തത്‌.

ലീനയുടെ ഭർത്താവ് ഷിബുവും  മകൻ ജസ്റ്റിനും സര്‍ക്കാരിന് നന്ദി അറിയിച്ചു. ലിസി ആശുപത്രിയിൽ നടന്ന 24–-ാമത്‌ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്.മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ, മുൻ എംപി പി രാജീവ്‌ ഉൾപ്പെടെയുള്ളവരോട്‌ ആശുപത്രി ഡയറക്ടർ ഫാദർ പോൾ കരേടനും ലീനയുടെ ഭർത്താവ് ഷിബുവും നന്ദി അറിയിച്ചു.

അസിസ്റ്റന്റ്‌ ഡയറക്ടർമാരായ ഫാദർ ജെറി ഞാളിയത്ത്, ഫാദർ ഷനു മൂഞ്ഞേലി, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: