ഇന്ത്യയിൽ ബാങ്ക്‌ വായ്‌പകളുടെ മൊറട്ടോറിയം ഓഗസ്‌റ്റ്‌ 31 വരെ നീട്ടി; റിപ്പോ നിരക്ക്‌ 0.40 ശതമാനം കുറച്ചു

ന്യൂഡൽഹി > ബാങ്ക്‌ വായ്‌പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന്‌ മാസത്തേക്ക്‌ കൂടി നീട്ടി. ഇതോടെ ഓഗസ്‌റ്റ്‌ 31 വരെ വായ്‌പാ തിരിച്ചടവുകൾക്ക്‌ സാവകാശം ലഭിക്കും. രാജ്യത്ത്‌ ലോക്ക്‌ഡൗൺ നീട്ടിയ പശ്‌ചാത്തലത്തിലാണ്‌ വായ്‌പാ തിരിച്ചടവുകൾക്ക്‌ കൂടുതൽ സമയം നൽകാമെന്ന തീരുമാനത്തിൽ എത്തിയതെന്ന്‌ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകും.

രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവും വരുത്തിയിട്ടുണ്ട്‌. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന്‌ 3.35ശതമാനമാക്കിയും കുറച്ചു. നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന വായ്‌പയുടെ പലിശയില്‍ കാര്യമായ കുറവുന്നു. ജൂണില്‍ നടക്കേണ്ട പണവായ്‌പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു.

കൊറോണ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ എട്ടു ലക്ഷം കോടി രൂപയിലധികം ആർബിഐ പ്രഖ്യാപിച്ചതായിരുന്നു. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയിൽ വിശ്വാസം അർപ്പിക്കണം. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും. ജിഡിപി ഈ വർഷം നെഗറ്റീവ്‌ സോണിൽ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌ ‐ ശക്തി കാന്ത ദാസ് പറഞ്ഞു

Share this news

Leave a Reply

%d bloggers like this: