കോവിഡ് -19 തൊഴിലില്ലായ്മ വേതനം: ഓഗസ്റ്റ് വരെ നൽകും

കോവിഡ് -19 രോഗവ്യാപനം മൂലമുണ്ടായ തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി അയർലൻഡിൽ ആരംഭിച്ച തൊഴിലില്ലായ്‌മ വേതനം ഓഗസ്റ്റു വരെ നൽകുമെന്ന് സർക്കാർ അറിയിച്ചു. ഓഗസ്റ്റിൽ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുന്നതുവരെ ഇത് തുടരും. ആഴ്ചയിൽ 350 യുറോയാണ് തൊഴിലില്ലായ്മ വേതനമായി സർക്കാർ നൽകുന്നത്.

വിദ്യാർത്ഥികൾ, പാർട്ട് ടൈം ജോലിക്കാർ ഉൾപ്പെടെ 200,000-ത്തിലധികം തൊഴിലാളികൾക്ക് പ്രതിവാര പാൻഡെമിക് തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ട്.

തൊഴിലില്ലായ്മ വേതനം നൽകുന്നത് ജൂൺ 8-ന് അവസാനിപ്പിക്കാമെന്ന് സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് ഓഗസ്റ്റ് വരെ നീട്ടുകയായിരുന്നു. പേയ്‌മൻ്റുകൾ ജൂണിനു ശേഷം എങ്ങനെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച് നിരവധി ഓപ്ഷനുകൾ സർക്കാർ പരിഗണനയിലാണ്.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നിടത്തോളം വേതനം നൽകുന്നത് തുടരുമെന്നും എന്നാൽ അടിയന്തര വേതന സഹായ പദ്ധതിയിൽ നിന്ന് ആളുകളെ വേതന സബ്‌സിഡി പദ്ധതിയിലേക്ക് മാറ്റാൻ ശ്രമിക്കുമെന്നും സർക്കാർ അറിയിച്ചു.

ജോലി നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് അയാളുടെ ജോലി തിരികെ ലഭിക്കുകയോ തിരികെ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ ആ വ്യക്തിയുടെ തൊഴിലില്ലായ്മ വേതനത്തിനുള്ള യോഗ്യത നഷ്ടപ്പെടുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: