കോവിഡ് -19: നഴ്സിംഗ് ഹോമുകളിൽ ആരോഗ്യ വിദഗ്ധരുടെ പാനൽ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ നഴ്സിംഗ് ഹോമുകളിലെ പ്രവർത്തനങ്ങൾ വിലയിരിത്തുന്നതിനായി ആരോഗ്യവിദഗ്ധർ ഉൾപ്പെടുന്ന പാനൽ സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പുമന്ത്രി സിമൺ ഹാരിസ് പറഞ്ഞു.

നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET)-ന്റെ ശുപാർശയെ തുടർന്നാണ് പാനൽ സ്ഥാപിക്കുന്നത്. കോവിഡ് -19 മായി ബന്ധപ്പെട്ട് ദേശീയ-അന്തർ‌ദ്ദേശീയ തലങ്ങളിൽ അയർലൻഡ് ആരോഗ്യവകുപ്പ് സ്വീകരിച്ച എല്ലാ നടപടികളും, വൈറസ് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഉൾപ്പെടെ എല്ലാ നടപടികളും പാനൽ പരിശോധിക്കും.

വരും ദിവസങ്ങളിൽ നഴ്സിംഗ് ഹോമുകളിലെത്തുന്ന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന ആശങ്കയുണ്ടെന്നും അതിനാലാണ് സർക്കാർ ആരോഗ്യവിദഗ്ധരുടെ പാനൽ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ അവസാനത്തോടെ പാനൽ അതിൻ്റെ
റിപ്പോർട്ട്‌ ആരോഗ്യ വകുപ്പുമന്ത്രിക്ക് സമർപ്പിക്കും.

പകർച്ചവ്യാധി തടയുന്നതിൽ നഴ്സിംഗ് ഹോമുകൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സാധിക്കുന്ന തരത്തിലുള്ള നടപടികൾ തുടർന്നും ആസൂത്രണം ചെയ്യുമെന്നും, വിദഗ്ദ്ധ പാനൽ അതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുസിഡിയിലെ കോളേജ് ഓഫ് ഹെൽത്ത് ആൻഡ് അഗ്രികൾച്ചർ സയൻസസ് പ്രിൻസിപ്പൽ പ്രൊഫസർ സെസിലി കെല്ലെഹർ പാനൽ അധ്യക്ഷനാകും. പ്രൊഫസർ സിലിയൻ ടൊവൊമി (റിട്ടയേർഡ് ജെറിയാട്രീഷ്യൻ), RCSI ഹോസ്പിറ്റലിലെ നഴ്‌സിംഗ് ഡയറക്ടർ പെട്രീന ഡൊണെല്ലി, ജനപ്രതിനിധിയായി ബ്രിഡ്‌ജെറ്റ് ഡോഹെർട്ടി തുടങ്ങിയവർ പാനലിൽ ഉൾപ്പെടും. വിദഗ്ദ്ധ പാനലിന്റെ പ്രവർത്തനങ്ങൾ അടുത്ത ആഴ്ചയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: