കോവിഡ് -19 ഇന്നലെ മരണമില്ല; പ്രതീക്ഷയുടെ ദിനങ്ങളെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ

കോവിഡ് -19 വ്യാപനം മൂലം ആയിരത്തിലധികം പേർ മരണമടഞ്ഞ അയർലൻഡിന് കഴിഞ്ഞ ദിവസം ശുഭപ്രതീക്ഷയുടെതായിരുന്നു. കോവിഡ് -19 ബാധിച്ചുള്ള മരണമൊന്നും തന്നെ ഇന്നലെ അയർലണ്ടിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ല. മാർച്ച് പകുതിക്ക് ശേഷം കോവിഡ് ബാധിച്ചുള്ള മരണം റിപ്പോർട്ട്‌ ചെയ്യാത്ത ആദ്യ ദിവസമായിരുന്നു ഇത്.

ആരോഗ്യവകുപ്പിന്റെ ദിനംപ്രതിയുള്ള അപ്‌ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അയർലണ്ടിലെ കോവിഡ് -19 ബാധിച്ചുള്ള ആദ്യ മരണം മാർച്ച് 11-ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിലെ കണക്കുകൾ പ്രകാരം 1,606 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും ഇനിയുള്ളത് പ്രതീക്ഷയുടെ ദിനങ്ങളാണെന്നും പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

ഏപ്രിൽ പകുതി മുതൽ രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വൻവർധനവാണ് രാജ്യത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം 59 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 24,698 ആയി.

കോവിഡ് -19 വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിച്ചതിനെ തുടർന്നാണ് ഫലപ്രദമായ രീതിയിൽ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.

മരണസംഖ്യ നിയന്ത്രിച്ചതുപോലെ രോഗ വ്യാപനവും തടയുമെന്നും, കഴിഞ്ഞ ആഴ്ചകളിലെ റിപ്പോർട്ടുകൾ ശുഭസൂചനയാണ് തരുന്നതെന്നും, സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: