അയ്യപ്പനും കോശിയും തമിഴിൽ; സൂര്യയും കാർത്തിയും ഒന്നിക്കുന്നു?

സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും തമിഴ് പതിപ്പില്‍ സൂര്യയും കാര്‍ത്തിയും ഒന്നിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എസ് കതിരേശന്‍ നിര്‍മ്മിക്കുന്ന തമിഴ് റീമേക്കില്‍ ബിജു മേനോന്റെ റോളില്‍ ശരത്കുമാറും, പൃഥ്വിരാജിന്റെ കഥാപാത്രത്തെ ശശികുമാറും അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. സൂര്യ-കാര്‍ത്തി സഹോദരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമായി അയ്യപ്പനും കോശിയും റീമേക്ക് ഒരുങ്ങുന്നുവെന്നായിരുന്നു പിങ്ക് വില്ല, സിഫി ഉള്‍പ്പെടെ അഭ്യൂഹമായി റിപ്പോര്‍ട്ട് ചെയ്‌തത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അയ്യപ്പനും കോശിയും തമിഴ് റീമേക്കില്‍ സൂര്യയും കാര്‍ത്തിയുമാണെന്ന റിപ്പോര്‍ട്ടുകളെ നിഷേധിക്കുകയാണ് താരങ്ങളുമായി അടുത്ത കേന്ദ്രങ്ങള്‍. റീമേക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാം, എന്നാല്‍ ഇത്തരമൊരു സാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് നടന്‍ സൂര്യയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ഷം തന്നെ തുടങ്ങുന്ന രീതിയിലാണ് തമിഴ് നിര്‍മ്മാതാവ് റീമേക്ക് ആലോചിച്ചത് ലോക്ക് ഡൗണ്‍ മൂലം കാര്‍ത്തിയുടെയും സൂര്യയുടെയും നിരവധി പ്രൊജക്ടുകള്‍ മുടങ്ങിക്കിടക്കുന്നുണ്ടെന്നും അറിയുന്നു.

പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി കാര്‍ത്തിയും ബിജു മേനോന്‍ അവതരിപ്പിച്ച മുണ്ടൂര്‍ മാടന്‍ എന്ന വിളിപ്പേരുള്ള അയ്യപ്പന്‍ നായര്‍ എന്ന പൊലീസ് കഥാപാത്രമായി സൂര്യയും എത്തുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. തമിഴിലെത്തുമ്പോള്‍ കഥാപശ്ചാത്തലത്തിലും കഥാപാത്രങ്ങളുടെ പേരുകളിലും ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാകും.

ശരത്കുമാറും ശശികുമാറും ഇതുവരെ ഒരു ചിത്രത്തിനായി ഒന്നിച്ചിട്ടില്ല. സമുദ്രക്കനി സംവിധാനം ചെയ്ത നിമിര്‍ന്ത് നില്‍ എന്ന ചിത്രത്തില്‍ ശരത് കുമാര്‍ അതിഥിതാരമായും ശബ്ദസാന്നിധ്യമായി ശശികുമാറും ഉണ്ടായിരുന്നു. ചിത്രം തമിഴില്‍ ഒരുക്കാന്‍ നിര്‍മ്മാതാവ് സച്ചിയെ തന്നെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്നും എന്നാല്‍ സച്ചി ക്ഷണം സ്വീകരിച്ചില്ലെന്നുമാണ് സൂചന.

2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത അയ്യപ്പനും കോശിയും സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 35 കോടിക്ക് മുകളിലാണ് ചിത്രം വേള്‍ഡ് വൈഡ് ആയി കളക്ഷന്‍ നേടിയത്. സംവിധായകന്‍ രഞ്ജിത്ത് പി എം ശശിധരനൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനുണ്ട്.

Share this news

Leave a Reply

%d bloggers like this: