ഇന്ത്യയിൽ കോവിഡ്‌ ബാധിതര്‍ രണ്ടുലക്ഷം കടന്നു; മരണം 5700

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ രണ്ടുലക്ഷം കടന്നു. മരണം 5700 ലേറെ. ആദ്യ കോവിഡ്‌ രോ​ഗി റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന്‌ കേരളത്തില്‍. 109 ദിവസം പിന്നിട്ട് മെയ്‌‌ 18ന് രോ​ഗികള്‍ ലക്ഷമായി. രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ രണ്ടു ലക്ഷമായി. ഈ തോത് തുടര്‍ന്നാല്‍ ജൂൺ അവസാനത്തോടെ നാലുലക്ഷമെത്തും. അഞ്ച്‌ ദിവസത്തിനി‌ടെ മരണം1100 ലേറെ, നൽപ്പതിനായിരത്തിലേറെ രോ​ഗികള്‍.

രണ്ടാഴ്‌ചയ്ക്കിടെ 2500 മരണം. ഏതാനും ദിവസമായി യുഎസ്‌, ബ്രസീൽ, റഷ്യ എന്നിവിടങ്ങളില്‍ മാത്രമാണ്‌ പ്രതിദിന രോ​ഗികള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍. കോവിഡ്‌ സ്ഥിതി രൂക്ഷമായ യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അടച്ചിടലിലൂടെയും മറ്റും രോഗം നിയന്ത്രിച്ചപ്പോഴാണ്‌, അടച്ചിടലിൽനിന്ന്‌ പുറത്തുകടക്കലിലേക്ക്‌ നീങ്ങുന്ന ഇന്ത്യയിൽ രോ​ഗം കുത്തനെ ഉയരുന്നത്‌.

24 മണിക്കൂറില്‍ 8171 പുതിയ രോ​ഗികളും 204 മരണവും രാജ്യത്ത്‌ റിപ്പോർട്ടുചെയ്‌തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 103 മരണം. 2287 പുതിയ രോ​ഗികള്‍. ആകെ രോ​ഗികള്‍ 72000 കടന്നു. തമിഴ്‌നാട്ടിൽ തുടർച്ചയായി മൂന്നാം ദിവസം ആയിരത്തിലേറെ രോ​ഗികള്‍‌. ചൊവ്വാഴ്‌ച 1091 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 24,586 രോ​ഗികള്‍. 13 പേർകൂടി മരിച്ചതോടെ ആകെ മരണം 197. ഗുജറാത്തിൽ 29 മരണവും 415 പുതിയ രോ​ഗികളും റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 17632 ആയി. മരണം 1092.

ജമ്മു കശ്മീർ 177, ഹരിയാന 296, പഞ്ചാബ് 41, ബംഗാൾ 396, ബിഹാർ 104, ആന്ധ്ര 115, ഒഡിഷ 141, അസം 28, ഉത്തരാഖണ്ഡ് 40, ജാർഖണ്ഡ് 14, ത്രിപുര 23, രാജസ്ഥാൻ 273, യുപി 348, മധ്യപ്രദേശ്‌ 137 എന്നിങ്ങനെയാണ് പുതിയ രോ​ഗികള്‍. കോവിഡ്‌ രോഗികൾ ഇല്ലാതിരുന്ന മിസോറാമിൽ 12 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: