കോവിഡ്-19: ശാരീരിക അകലം ഒരു മീറ്ററായി കുറയ്ക്കും, അണുബാധയുടെ സാധ്യത ഇരട്ടിയാകുമെന്ന് വിദഗ്ധർ

കോവിഡ്-19 വ്യാപനത്തെ തുടർന്ന് അയർലൻഡ് സർക്കാർ ഏർപ്പെടുത്തിയ ശാരീരിക അകല നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് റിപ്പോർട്ട്‌. ശാരീരിക അകലം 2 മീറ്ററിൽ നിന്ന് 1 മീറ്ററിലേക്ക് കുറയ്ക്കും. എന്നാൽ ഇത് കൊറോണ വൈറസ്‌ ബാധയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് വിദഗ്ധർ അറിയിച്ചു.

ആളുകൾ തമ്മിൽ ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുന്നത് അണുബാധ സാധ്യത കുറയുമെന്നും ഒരു മീറ്ററിൽ താഴെയാകുമ്പോൾ അപകടസാധ്യത ഇരട്ടിയാകുമെന്നും ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് 3 മീറ്ററിൽ കൂടുതലായാൽ അണുബാധ സാധ്യത പകുതിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിപക്ഷ കക്ഷികളും ബിസിനസ്സുകാരും അയർലൻഡ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ശാരീരികഅകല നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 2 മീറ്റർ അകലമെന്നത് ഒരു മീറ്റർ ആയി കുറയ്‌ക്കണമെന്നും ഇതിലൂടെ ബിസിനസ്സുകൾക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുമെന്നും അവർ പറഞ്ഞു. ശാരീരിക അകലം കുറയ്ക്കുന്നത് അണുബാധ സാധ്യത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞു.

എന്നാൽ ഈ വിഷയത്തെക്കുറിച്ചുള്ള ഒൻപത് പഠനറിപ്പോർട്ടുകൾ വിശകലനം ചെയ്തതിനു ശേഷം ലാൻസെറ്റ് പുറത്തുവിട്ട ഗവേഷണറിപ്പോർട്ടുകളിൽ ശാരീരിക അകലം കുറയ്ക്കുന്നത് അപകട സാധ്യത ഇരട്ടിയാക്കുമെന്നാണ് കണ്ടെത്തിയത്. ആളുകൾ 1 മീറ്ററിൽ കൂടുതൽ അകലെ നിൽക്കുമ്പോൾ അണുബാധയുടെ സാധ്യത 3% മാത്രമാണ്. എന്നാൽ ഇത് 1 മീറ്ററിൽ താഴെയാകുമ്പോൾ 13 % ആയി വർധിക്കുന്നു.

മാസ്കുകളുടെ ഉപയോഗം ആരോഗ്യപ്രവർത്തകരെയും പൊതുജനങ്ങളെയും അണുബാധയിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനറിപ്പോർട്ടുകൾ പറയുന്നു. കണ്ണുകൾ മറയ്ക്കുന്നതും അണുബാധയുടെ സാധ്യത കുറയ്ക്കും.

ഇവയൊക്കെ തന്നെ ശരിയായി ഉപയോഗിക്കുമ്പോഴും അണുബാധയെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്നില്ല. ശാരീരിക സ്പർശങ്ങൾ കുറയ്ക്കുകയും കൈ ശുചിത്വം പോലുള്ള മറ്റ് അടിസ്ഥാന സംരക്ഷണ നടപടികൾ പാലിക്കുകയും ചെയ്താൽ അണുബാധയെ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നും പഠനറിപ്പോർട്ടുകൾ പറയുന്നു.

Share this news

Leave a Reply

%d bloggers like this: