ഓൺലൈൻ പാസ്‌പോർട്ട്: അപേക്ഷ പ്രോസസ്സിംഗ് പുനരാരംഭിക്കുന്നു

ഓൺ‌ലൈൻ പാസ്‌പോർട്ട് അപേക്ഷകളുടെ പ്രോസസിങ്ങ് അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് വിദേശകാര്യവകുപ്പ് മന്ത്രി സൈമൺ കോവ്‌നി അറിയിച്ചു.

പാസ്‌പോർട്ട് അപേക്ഷകൾ, വിദേശകാര്യ വകുപ്പിൽ നിന്നുള്ള പുതുക്കലുകൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് ഐറിഷ് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ (ITAA) വ്യക്തത നൽകി.

പാസ്‌പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട് അപേക്ഷകൾ ഒന്നും തന്നെ പാസ്‌പോർട്ട് ഓഫീസുകളിൽ സ്വീകരിക്കുന്നില്ലെന്നും അടിയന്തരമായി നൽകേണ്ട പാസ്‌പോർട്ടുകൾ മാത്രമാണ് പ്രോസസ്സ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോർട്ട് ഓഫീസുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നും ഓൺലൈൻ അപേക്ഷളുടെ പ്രോസസ്സിഗ് അടുത്ത ആഴ്ചയിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിലും 6,000 ഓൺലൈൻ പുതുക്കൽ അപേക്ഷകൾ പ്രോസസ്സ് ചെയ്തതായും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ചില ഉദ്യോഗസ്ഥരെ മറ്റ് പ്രദേശങ്ങളിലേക്ക് വിന്യസിച്ചിട്ടുണ്ടെന്നും, ചിലർ കോൺടാക്റ്റ് ട്രെയ്‌സിംഗിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാസ്പോർട്ട്‌ ഓഫീസുകളുടെ പ്രവർത്തനം വരുന്ന ആഴ്ചകളിൽ സാധാരണ നിലയിലാകുമെന്ന് മന്ത്രി പറഞ്ഞു. പാസ്‌പോർട്ട് എക്സ്പ്രസ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും എന്നാൽ വരും ആഴ്ചകളിൽ ഇത് വീണ്ടും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഏറ്റവും വേഗമേറിയ മാർഗ്ഗമാണ്‌ ഓൺലൈൻ ആപ്ലിക്കേഷനെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് എക്സ്പ്രസ് സേവനത്തിലൂടെ അപേക്ഷിച്ചിട്ടുള്ളവരും ഓൺലൈനിൽ അപേക്ഷിക്കണമെന്നും ഇതിനായി നൽകിയ ഫീസ് തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനിവാര്യമല്ലാത്ത വിദേശ യാത്രകൾ അനുവദിച്ചിട്ടില്ലെന്നും വിദേശത്തേക്ക് പോകുന്നവരോട് മടങ്ങിയെത്തുമ്പോൾ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുമെന്നും കോവ്‌നി പറഞ്ഞു. യാത്രക്കാർ ലൊക്കേറ്റർ ഫോമിൽ ഒപ്പിടാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: