വന്ദേഭാരത് വിമാനങ്ങൾക്കു പുറമെ 532 ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്കും കേരളം അനുമതി നൽകി

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കു പുറമെ 532 ഫ്‌ലൈറ്റുകൾക്ക് കൂടി കേരളം അനുമതി നൽകിയതായി മന്ത്രി കെ ടി ജലീൽ. ഈ ചാർട്ടേഡ് വിമാനങ്ങളിൽ 90,929 ആളുകളാണ് വൈകാതെ നാട്ടിലെത്തുക. ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇതിനകം ഉദ്ദേശം 45,000 വിദേശ മലയാളികളടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയരുൾപ്പടെ 2,10,424 പേരാണ് 9.6.2020 വരെ സംസ്ഥാനത്തെത്തിയത്. വിശ്വാസ യോഗ്യരായ എല്ലാ ഏജൻസികൾക്കും കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറക്ക് എൻഒസി നൽകാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് – പൂർണരൂപം 

വന്ദേഭാരത് വിമാനങ്ങൾക്കു പുറമെ 532 ചാർട്ടേഡ് ഫ്‌ലൈറ്റുകൾക്കും കേരളം അനുമതി നൽകി.

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കു പുറമെ 532 ഫ്‌ലൈറ്റുകൾക്ക് കൂടി കേരളം അനുമതി നൽകി. ഈ ചാർട്ടേഡ് വിമാനങ്ങളിൽ 90,929 ആളുകളാണ് വൈകാതെ നാട്ടിലെത്തുക. ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇതിനകം ഉദ്ദേശം 45,000 വിദേശ മലയാളികളടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയരുൾപ്പടെ 2,10,424 പേരാണ് 9.6.2020 വരെ സംസ്ഥാനത്തെത്തിയത്. വിശ്വാസ യോഗ്യരായ എല്ലാ ഏജൻസികൾക്കും കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറക്ക് എൻ.ഒ.സി. നൽകാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനം. നാൽപ്പത്തിരണ്ടോളം സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമാണ് ഫ്‌ലൈറ്റുകൾ ചാർട്ടർ ചെയ്തിരിക്കുന്നത്.

ചാർട്ടേഡ് ഫ്‌ലൈറ്റുകളുടെ ടിക്കറ്റ് നിരക്ക്, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന ടിക്കറ്റിന്റെ നിരക്കിനെക്കാൾ ഗണനീയമാംവിധം വർധനവ് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന സംസ്ഥാന നിർദ്ദേശം പാലിക്കാൻ പൊതുവെ എല്ലാവരും തയ്യാറായത് സാധാരണക്കാരായ പ്രവാസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. ഏതാണ്ട് പതിനായിരം രൂപയുടെ കുറവാണ് ഇതോടെ വിമാനക്കൂലിയിനത്തിൽ വന്നത്. പ്രവാസികളുടെ നാട്ടിലെത്താനുള്ള വെമ്പൽ ചൂഷണം ചെയ്ത് ലാഭക്കൊയ്ത്ത് നടത്താനുള്ള ‘സേവനക്കച്ചവടക്കാരു’ടെ അതിസാമർത്ഥ്യമാണ് കേരളത്തിന്റെ അവസരോചിത ഇടപെടൽ പൊളിച്ചത്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് ഇപ്പോഴെങ്കിലും പ്രവാസി സുഹൃത്തുക്കൾക്ക് ബോധ്യമായിട്ടുണ്ടാകും.
നാട്ടിലെത്തിയ ഒരാളുടെ കയ്യിൽ നിന്നും ഒരു ചില്ലിപ്പൈസ പോലും സർക്കാർ ഒരുക്കിയ കോറണ്ടൈന് ഈ നിമിഷം വരെ ഈടാക്കിയിട്ടില്ല. രോഗ ലക്ഷണമുള്ളവർക്കും വൈറസ് ബാധിതർക്കും സൗജന്യ ചികിൽസയാണ് കേരള ഗവൺമെന്റ് നൽകുന്നത്. കോവിഡിനെ കൂട്ടുപിടിച്ച് നാട്ടിൽ ഭീതി പടർത്താൻ ചിലർ നടത്തിയ നീക്കം പൊളിഞ്ഞ് പാളീസായതും അവസാനം അതിൽ നിന്ന് തലയൂരാൻ വീണിടത്ത് കിടന്ന് ഉരുളുന്നതും കാണാൻ നല്ല ചേലുണ്ട്.

നല്ല കാര്യങ്ങൾ ചെയ്യുന്ന എല്ലാവരേയും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഞാൻ അഭിനന്ദിക്കാറുണ്ട്. പ്രയാസമനുഭവിക്കുന്നവരെ വിളിച്ച് സാന്ത്വനിപ്പിക്കാറുണ്ട്. മററുള്ളവരുമായുള്ള അടുപ്പവും ബന്ധവും പ്രയോജനപ്പെടുത്തി കഴിയുന്ന സഹായങ്ങൾ കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവർക്കും ചെയ്ത് കൊടുക്കാറുമുണ്ട്. നാട്ടിലും മറുനാട്ടിലും സേവനം ചെയ്യുന്നത് തങ്ങൾമാത്രമാണെന്ന് കരുതുന്ന പൊട്ടക്കിണറ്റിലെ തവളകളെ കുറിച്ച് എന്തു പറയാൻ? നൂറു രൂപയുടെ സഹായം ചെയ്ത് അത് പരസ്യപ്പെടുത്താൻ ആയിരം രൂപ ചെലവാക്കുന്ന ‘സേവനവ്യാപാരികൾ’ ആയിരം കൊല്ലം കിണഞ്ഞ് പണിപ്പെട്ടാലും കേരള സർക്കാരിന്റെ കീർത്തിക്ക് ഒരു തരിമ്പ് പോലും മങ്ങലേൽപ്പിക്കാൻ കഴിയില്ല.

Share this news

Leave a Reply

%d bloggers like this: