ടണ്‍ കണക്കിന് ഫെയ്‌സ് ഫില്‍റ്ററുകളുമായി അഡോബി ഫോട്ടോഷോപ്പ് ക്യാമറ ആപ്പ്

ഡിസൈനിങ് എഡിറ്റിങ് സോഫ്റ്റ് വെയറുകളിലൂടെ പരിചിതമായ അഡോബി പുതിയ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് പുറത്തിറക്കി. നിരവധി പുതിയ ഫെയ്സ് ക്യാമറ ഫിൽറ്ററുകളുമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുംലഭിക്കും.

എന്നാൽ നിലവിൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് പ്രവർത്തിക്കില്ല. അടുത്തിടെ പുറത്തിറങ്ങിയ പിക്സൽ, ഗാലക്സി, വൺപ്ലസ് മോഡലുകളിൽ മാത്രമാണ് ആപ്പ് പ്രവർത്തിക്കുന്നത് എന്ന് ദി വെർജ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിയൽമി എക്സ് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. എങ്കിലും പുതിയതായി പുറത്തിറങ്ങിയ ചില ഉയർന്ന ഫീച്ചറുകളുള്ള ഫോണുകളിൽ മാത്രമേ ഫോട്ടോഷോപ്പ് ക്യാമറ ലഭിക്കൂള്ളൂ.

ആകർഷകമായ നിരവധി ഫിൽറ്ററുകളെ കൂടാതെ അടിസ്ഥാനപരമായ ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങളും ആപ്പിൽ ലഭ്യമാണ്. കോൺട്രാസ്റ്റ്, എക്സ്പോഷർ, സാച്വറേഷൻ തുടങ്ങിയ ക്രമീകരണങ്ങൾ ചിത്രത്തിൽ വരുത്താം.

ആപ്ലിക്കേഷനിൽ വീഡിയോ എടുക്കാൻ സാധിക്കില്ല എന്നുള്ളത് നിരാശ നൽകുന്ന കാര്യമാണ്. ഇതിലെ പല ഫിൽറ്ററുകളും ഉപയോഗിച്ച് രസകരമായ വീഡിയോകളോ ജിഫുകളോ നിർമിക്കാനാകുമായിരുന്നു എന്ന് ആപ്പ് ഒരിക്കൽ ഉപയോഗിച്ചാൽ തന്നെ തോന്നും.

ഫോട്ടോഷോപ്പിന്റെ മാജിക് നേരെ ക്യാമറ വ്യൂഫൈന്ററിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന് അഡോബി സിടിഓ അഭയ് പരസ്നിസ് പറഞ്ഞു.

പല സോഷ്യൽ മീഡിയ ആപ്പുകളിലും ഓഎസ് ക്യാമറ ആപ്പുകളിലും നിരവധി ഫിൽറ്ററുകൾ ഇതിനോടകം ലഭ്യമാണ്. ഈ സേവനങ്ങളോടാണ് ഫോട്ടോഷോപ്പ് ക്യാമറയും മത്സരിക്കുക. ഭാവിയിൽ കൂടുതൽ ഫിൽറ്ററുകൾ ആപ്പിൽ ഉൾപ്പെടുത്തിയേക്കും.

Share this news

Leave a Reply

%d bloggers like this: