മാ നിഷാദ -അരുത് കാട്ടാളാ  (അനൂപ് ജോസഫ്)

ഇത് ഒരു പ്രവാസിയുടെ ആത്മ വിലാപം ആണ്, ലോകമെമ്പാടുമുള്ള പ്രവാസികളായ ഒരുപാട് മലയാളികൾക്ക് ഇന്ന് കേരളക്കരയിൽ ഉള്ളവരോട് പറയാൻ വെമ്പുന്ന ഒരു കാര്യം. ഗൃഹാതുരത്വം ഏറ്റവും കൂടുതൽ ഉള്ളവരാണ് മലയാളികൾ, ഏതു നാട്ടിൽ പോയാലും ശരി നമ്മുടെ രീതികളും ശീലങ്ങളും ഭക്ഷണങ്ങളും എന്തിനധികം നമ്മുടെ ആഘോഷങ്ങൾ പോലും പ്രവാസ ലോകത്ത് അന്യമല്ല. ലോകത്തിൻറെ ഏതു കോണിൽ ആയിരുന്നാലും ശരി സ്വന്തം വീടിനോടും,നാടിനോടും, നാട്ടുകാരോടും എന്നും എപ്പോഴും ഒരാത്മബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ആണ് പ്രവാസി ലോകത്തെ മലയാളികൾ.

കേരളീയരായ ഓരോ  പ്രവാസിക്കും നാട് എത്രമാത്രം വേണ്ടപ്പെട്ട ആണെന്ന് അറിയാൻ ഞാൻ വേറെ എവിടെയും പോകണ്ട, ഈ കഴിഞ്ഞ രണ്ടു മഹാ പ്രളയങ്ങളുടെ കാലത്ത് ഏവരും കണ്ടതാണ്. കേരളത്തിൻറെ പുനരുജ്ജീവനത്തിനായി സാമ്പത്തികമായും ശാരീരികമായും പ്രവാസി ലോകം ഒരുപാട് കാര്യങ്ങൾ ചെയ്തു.

നാമെല്ലാം കടന്നുപോയ്ക്കൊണ്ടിരുന്നു കോവിഡ് എന്ന മഹാമാരിയുടെ സമയത്തും പ്രവാസിലോകം  കരുതലോടും, പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്  മറ്റ് എവിടേക്കും അല്ല അവൻറെ സ്വന്തം മണ്ണായ കേരളത്തിലേക്ക് ആണ്. കോവിഡ് എന്ന മഹാമാരി ചൈനയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ, നാളുകൾക്കുള്ളിൽ അത് കേരളത്തിൽ  റിപ്പോർട്ട് ചെയ്തപ്പോൾ പ്രവാസി ലോകം ആകാംക്ഷയോടെ കേരളത്തെ നോക്കുകയായിരുന്നു.

വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കേരളം കോവിഡിനെ ആദ്യം പിടിച്ചു നിർത്തിയപ്പോൾ പ്രവാസലോകത്തെ ആശങ്കകൾ, ആശ്വാസമായി മാറുകയായിരുന്നു. പിന്നീട് വീണ്ടും കേസുകൾ ഉയർന്നപ്പോൾ കേരളം അതിനെ പ്രതിരോധിക്കുന്നത് കണ്ടു ആശ്വാസം അഭിമാനമായി മാറുകയായിരുന്നു. ഓരോ മലയാളികളായ പ്രവാസികളും ഞാനൊരു മലയാളിയാണ് എൻറെ നാട് കേരളം ഇന്ന് ഈ മഹാമാരിയുടെ കാലത്ത്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ മേഖല ഉള്ള നാടാണ് എന്ന് അഭിമാനിച്ചിരുന്നു. പ്രവാസ ലോകത്ത് കോവിഡ് കേസുകൾ കൂടിയപ്പോൾ അവർ ആശ്വാസത്തിന് തുരുത്തായി കണ്ടത് കേരളം തന്നെയാണ്.

ഓരോ മലയാളിയും അഹങ്കരിച്ചിരുന്നു, ഉന്നത വിദ്യാഭ്യാസവും, ആരോഗ്യരംഗവും, നവോത്ഥാന ചിന്തകളും, ഉയർന്ന മാനവിക ബോധവും ഉള്ള നാടാണ് കേരളമെന്നും, കേരളീയർ എന്നും. എന്നാൽ ഇന്ന് എന്താണ് നടക്കുന്നത്, കോവിഡ് കേസുകൾ നാൾക്കുനാൾ അധികരിച്ചു വരികയാണ്. എന്താണ് നമ്മൾക്കെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ശരിക്കും തോന്നിപ്പോവുകയാണ് കേരളത്തിലെ രാഷ്ട്രീയവും, ഭരണ രംഗവും, മാധ്യമങ്ങളും പോരാത്തതിന് പൊതുജനങ്ങളും കോവിഡ് പോരാട്ടത്തിനെ കൈവിട്ടു തുടങ്ങിയെന്നു!. ഇത്ര നാളത്തെ കരുതൽ  പൊതുസമൂഹം ഇപ്പോൾ ഉപേക്ഷിക്കുകയാണോ?, ഒരു നാടിൻറെ ഏറ്റവും ഏറ്റവും വലിയ താങ്ങും തണലുമായ മാധ്യമങ്ങൾ  ഇന്ന് കോവിഡിനെ മറന്നു തുടങ്ങിയോ? രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ രംഗവും ഈ  മഹാമാരിയെ തിരുത്തുന്നതിന് പകരം സ്വാർത്ഥ ലക്ഷ്യങ്ങളിലേക്ക് കണ്ണെറിഞ്ഞു തുടങ്ങിയോ? നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ മേഖലയിലെ ജീവനക്കാരും, പോലീസ് ജീവനക്കാരും തളർന്നു തുടങ്ങിയോ?

കേരളത്തിൽ ഇപ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സമരങ്ങൾ, ശരിക്കും അതിൻറെ സ്വഭാവം കൊണ്ട് ഒരു പകർച്ചവ്യാധിയായ രോഗത്തിന് എല്ലാവിധ വളങ്ങളും വെച്ച് കൊടുക്കുന്നതാണ്. സമരങ്ങൾ അരുത് എന്നല്ല, അതിനുപയോഗിക്കുന്ന മാർഗങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. നമ്മൾക്ക് പ്രതിഷേധിക്കാം, പക്ഷേ അത് പൊതുസമൂഹത്തിനെ നശിപ്പിച്ചുകൊണ്ട് ആകരുത്.

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളോട് പ്രതിഷേധം ആകാം, പക്ഷേ ഒരിക്കലും അത് ആരോഗ്യരംഗത്തെ നശിപ്പിക്കുന്നത് ആവരുത്, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ആരോഗ്യവും മനോവീര്യവും തകർക്കുന്നത് ആവരുത്.

കേരളത്തിലെ പൊതുസമൂഹത്തിന് അറിവും, രാഷ്ട്രീയക്കാർക്ക് ദിശാബോധവും നൽകുന്നതിൽ  മാധ്യമങ്ങൾക്കുള്ള പങ്ക് നമ്മൾ വിസ്മരിച്ചുകൂടാ. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീഴ്ച സംഭവിക്കുമ്പോൾ അതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

സമൂഹമേ, നിങ്ങൾ നിങ്ങളുടെ വിശ്വാസവും, മതാചാരങ്ങളും, ആവശ്യങ്ങളും മാത്രം കാണാതെ സമൂഹത്തിന് ആകെ  ഉതകുന്ന വിധത്തിൽ പെരുമാറാൻ ശ്രമിക്കുകയും വേണം. നമ്മളെവരും ഒന്നിച്ചു നിന്നാൽ മാത്രമേ നമുക്ക് ഈ രോഗത്തിനെ ഓടിക്കാൻ സാധിക്കുകയുള്ളൂ.

ഇപ്പോൾ കേരളത്തിൽ ഇരിക്കുന്ന  എല്ലാവരോടുമായി ഒരു വാക്ക്, നിങ്ങളുടെ അശ്രദ്ധമൂലം കോവിഡ് എന്ന് മഹാമാരി കേരളത്തിൽ പടർന്നു കയറുമ്പോൾ, കേരളത്തിന് വെളിയിൽ നിന്ന്  നിങ്ങളെ നോക്കിക്കാണുന്ന ഞങ്ങൾക്ക് അപമാനവും കണ്ണീരുമാണ് മിച്ചം. ദയവായി മറ്റു കാര്യങ്ങൾ ഒന്നു മാറ്റി വെച്ച് ഒത്തു ചേർന്ന് നമുക്ക് ഈ രോഗാണുവിനോട് പോരാടാം, സമൂഹത്തിൻറെ പൊതു ആരോഗ്യം നശിക്കാത്ത വിധത്തിൽ നമുക്ക് നമ്മുടെ പ്രതിഷേധങ്ങൾ രേഖപ്പെടുത്താം. ഇല്ല ഒരിക്കലും  മലയാളികളും കേരളവും നശിക്കില്ല എന്ന പ്രത്യാശയോടെ നിർത്തുന്നു.

അനൂപ് ജോസഫ്

(ഈ ലേഖനത്തിലെ ആശയങ്ങൾ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ്. റോസ്മലയാളത്തിന്റേത് ആകണമെന്നില്ല.)

Share this news

Leave a Reply

%d bloggers like this: