നിയമ പാലകർ തന്നെ നിയമ ലംഘകരാകുമ്പോൾ??!!!

രാജ്യത്തെ നിയമപാലകർ തന്നെ നിയമ ലംഘകരാകുന്ന കാഴ്ചകളാണ് അയർലണ്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നിയമവകുപ്പു തന്നെ പുറത്തുവിട്ട റിപ്പോർട്ടുകളിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

കഴിഞ്ഞ മൂന്നര വർഷത്തിനിടെ വിവിധ കേസുകളിലായി 22 ഗാർഡ ഉദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടത്. ഗാർ‌ഡ ഇന്റേണൽ അഫയേഴ്സ് വിഭാഗം FOI പ്രകാരം പുറത്തിറക്കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യപിച്ച് വാഹനമോടിക്കൽ, മയക്കുമരുന്ന് ദുരുപയോഗം, ലൈംഗിക കുറ്റകൃത്യം, കുട്ടികളെ കടത്തൽ, പോർണോഗ്രഫി തുടങ്ങി നിരവധി കേസുകളിലാണ് ഗാർഡ ഉദ്യോഗസ്ഥർ പ്രതിയായത്. ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ വിശദാംശങ്ങൾ പുറത്തുവിടില്ലെന്ന് വകുപ്പ് അറിയിച്ചു. വ്യക്തിപരമായ സ്വഭാവമുള്ള വിവരങ്ങൾ ആയതിനാലാണ് പുറത്തു വിടാത്തതെന്നും അറിയിച്ചു.

മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച കേസിൽ രണ്ട് ഗാർഡ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു. ട്രാഫിക് നിയമം സെക്ഷൻ 52 പ്രകാരമാണ് ഇവരെ ശിക്ഷിച്ചത്. മോഷണക്കുറ്റത്തിന് ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 2001 സെക്ഷൻ 4 പ്രകാരം മൂന്ന് പേരെ ശിക്ഷിച്ചു.

വ്യക്തികൾക്കെതിരായ ആക്രമണം, കുറ്റകൃത്യങ്ങൾ മൂടിവയ്ക്കൽ തുടങ്ങി സെക്ഷൻ 10 പ്രകാരമുള്ള കേസുകളിൽ രണ്ട് പേർ ശിക്ഷിക്കപ്പെട്ടു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം – ക്രിമിനൽ ലോ സെക്ഷൻ 3, കുട്ടികളെ കടത്തൽ, പോർണോഗ്രഫി നിയമം – സെക്ഷൻ 6 എന്നിവ പ്രകാരം ഒരു ഉദ്യോഗസ്ഥനെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. രഹസ്യവിവരം ചോർത്തിയതുമായി ബന്ധപ്പെട്ട് ഗാർഡ ആക്ട് സെക്ഷൻ 62 പ്രകാരം ഒരു ഉദ്യോഗസ്ഥനെയും ശിക്ഷനടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: