19000-ത്തോളം പേരുടെ പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പേയ്‌മെന്റുകൾ നിർത്തലാക്കി

കോവിഡ് -19 രോഗവ്യാപനം മൂലമുണ്ടായ തൊഴില്ല്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി അയർലൻഡ് സർക്കാർ തൊഴിലില്ലായ്മ വേതന പദ്ധതികൾ ആരംഭിച്ചിരുന്നു. ആഴ്‍ചയിൽ 350 യൂറോ വീതമാണ് തൊഴിലില്ലായ്‌മ വേതനമായി നൽകുന്നത്. തൊഴിലില്ലായ്‌മ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള ഈ പദ്ധതിയിൽ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ഇതിനെ തുടർന്ന് 19000-ത്തോളം പേരുടെ പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പേയ്‌മെന്റുകൾ നിർത്തലാക്കി. തെറ്റായ വിവരങ്ങൾ നൽകി പണം സ്വീകരിച്ചിരുന്നവരുടെ ആനുകൂല്യങ്ങളാണ് സർക്കാർ നിർത്തലാക്കിയത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കണക്കുകൾ പ്രകാരം തൊഴിലില്ലായ്‌മ വേതനത്തിന് അർഹരല്ലാത്ത 88,200 പേരുടെ അപേക്ഷകൾ സർക്കാർ നിരസിച്ചിരുന്നു.

അർഹതയില്ലാതെ വേതനം സ്വീകരിച്ചിരുന്ന 5,300-ലധികം ആളുകൾക്ക്‌ ലഭിച്ച ആനുകൂല്യങ്ങൾ തിരിച്ചടപ്പിച്ചു. 4.37 ദശലക്ഷം യൂറോയാണ് ഈ ഇനത്തിൽ സർക്കാരിന് തിരികെ ലഭിച്ചത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള പദ്ധതിയിൽ കണ്ടെത്തിയ ക്രമക്കേട് ആശങ്കാജനകമാണ്. ഇത് രാജ്യത്തിനു തന്നെ അപമാനകരമാണ്.

പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പേയ്‌മെന്റുകൾ സ്വീകരിക്കാൻ അർഹരല്ലാത്തവർ വേതനം കൈപ്പറ്റുന്നുണ്ടെങ്കിൽ കണ്ടെത്തും. പദ്ധതി സത്യസന്ധമായി നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്‌ സാമൂഹ്യസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ ക്ലെയർ കെറാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ വരും ദിവസങ്ങളിലും ഉണ്ടാകും. ഇതിനായി 21 ഗാർഡ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രതേക ടീം രൂപീകരിച്ചിരുണ്ടെന്നും കെറാൻ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിൽ പേയ്മെന്റ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. 262,500 പേർക്കാണ് കഴിഞ്ഞ ആഴ്ചയിൽ പേയ്‌മെന്റ് ലഭിച്ചത്. തൊട്ടു മുൻപുള്ള ആഴ്ചയിൽ ഇത് 274,600 ആയിരുന്നു. അതായത് 12,100 പേരുടെ കുറവാണ് ഒരാഴ്ചയിൽ സംഭവിച്ചത്. 598,000-ത്തിലധികം പേരാണ് മെയ്‌ മാസത്തിലെ ആദ്യ ആഴ്ചയിൽ പേയ്‌മെന്റ് സ്വീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: