കോവിഡ് വാക്സിനും ചില പ്രതീക്ഷകളും  (അനൂപ് ജോസഫ്)

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം  നമ്മളെവരും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ട് ഇല്ലാത്ത ഒരു രാജ്യത്തിൽ നിന്ന് ആ ശുഭവാർത്ത വന്നിരിക്കുന്നു. ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ, റഷ്യ ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു. റഷ്യയുടെ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ പ്രഖ്യാപിച്ചത് അനുസരിച്ച് റഷ്യ  ഔദ്യോഗികമായി വാക്സിൻ പുറത്തിറക്കിയതായും, പുടിന്റെ മക്കളിൽ ഒരാൾക്ക് ഉപയോഗിച്ചതായും പറയുന്നു. പാർശ്വഫലങ്ങൾ ഇല്ലെന്നും, എന്നിരുന്നാലും തുടർ ഗവേഷണങ്ങൾ തുടരുമെന്നാണ് ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.

ഈ വാർത്ത റഷ്യ എന്ന ഒരു രാജ്യത്തിനു മാത്രമല്ല, മാനവകുലത്തിന് മൊത്തത്തിൽ ആശ്വാസമേകുന്നു. ആരു നിർമ്മിച്ചിരിക്കുന്നു എന്നുള്ളതല്ല, അത് എത്രകണ്ട് വിജയിക്കുന്നു എന്നതിലാണ് കാര്യം. കൊറോണ 19 എന്ന ഈ  വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ പുതിയ വാക്സിൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്ന സമയത്തും, വൈറസിന്റെ പ്രത്യേകമായ ജനിതക സവിശേഷതകളും അവയുടെ അതിവേഗത്തിലുള്ള രൂപാന്തര പ്രക്രിയയും എല്ലാം നമ്മെ ആശങ്കപ്പെടുത്തുന്നു. വാക്സിൻ വിജയം എന്ന പ്രഖ്യാപനം ഉണ്ടായപ്പോഴും, അവയുടെ പാർശ്വഫലങ്ങൾ എത്രകണ്ട് നമ്മൾക്ക് മനസ്സിലാക്കാൻ സാധിച്ചു എന്നുള്ളതും  ഒരു ചോദ്യചിഹ്നമാണ്, പലപ്പോഴും പല മരുന്നുകളുടെയും പാർശ്വഫലങ്ങൾ വളരെ വൈകി മാത്രം ആയിരിക്കാം നമ്മൾ അറിയുന്നത്. റഷ്യയുടെ വിജയത്തെ ഒരിക്കലും വില കുറച്ചു കാണുകയല്ല മറിച്ച് മറ്റേത് രാജ്യം ആദ്യം ഈ വാക്സിൻ ഉണ്ടാക്കിയാലും ഇതേ ആശങ്കകൾ നിലനിൽക്കുന്നതാണ്.

ഈ വാക്സിൻ വിജയിച്ചു എന്നു പറയുമ്പോഴും ഒരു കാര്യം എടുത്തു പറയേണ്ടത് ആയിട്ടുണ്ട്, ഇത്തരം വാക്സിനുകൾ ലോകം മുഴുവനും ഏവർക്കും ഒരുപോലെ ലഭ്യമായിരിക്കുന്ന ഒന്നാവണം. ലോകരാജ്യങ്ങൾ തങ്ങളുടെ മത്സരം വെടിഞ്ഞ് ഇത്തരം പ്രയാസ കാലഘട്ടത്തിൽ ഒത്തൊരുമയോടെ മരുന്നുകൾ കണ്ടുപിടിക്കുകയും, ആ മരുന്നുകൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അല്ലെങ്കിൽ ഒരു മരുന്ന് നിർമ്മാണ കമ്പനിയുടെ മാത്രമായി മാറാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇനിയുള്ള കാലത്ത് ലോകവ്യാപകമായി ഉണ്ടാകുന്ന പകർച്ചവ്യാധികൾക്കുള്ള മരുന്നുകൾ ഏവർക്കും സൗജന്യമായി ലഭിക്കേണ്ടിയിരിക്കുന്നു.

പുതിയ തരം പ്രതിരോധമരുന്നുകൾ നിർമ്മിക്കുമ്പോൾ അത് ഒരുപോലെ എല്ലാ രാജ്യങ്ങൾക്കും നിർമ്മിക്കാനും അതിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തുവാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടാവേണ്ടിയിരിക്കുന്നു. മനുഷ്യകുലത്തിന്റെ വിവിധ വകഭേദങ്ങൾ, കാലാവസ്ഥ, പ്രായം തുടങ്ങി എല്ലാവിധ വകഭേദങ്ങൾക്കും അനുസരിച്ച് മരുന്നുകളിൽ മാറ്റം വരുത്തുന്നതിനുള്ള സ്വാതന്ത്ര്യവും ഏവർക്കും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരം പ്രതിരോധ മരുന്നുകൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അല്ലെങ്കിൽ ഒരു നിർമ്മാതാവിന്റെ മാത്രം ബൗദ്ധികാവകാശം ആയി മാറരുത്.

പ്രതിരോധ മരുന്നുകളുടെ ഗവേഷണ കാലശേഷം അവിടെ നിർമ്മാണവും, തുടർ പരീക്ഷണവും  എല്ലാം തന്നെ യുണൈറ്റഡ് നേഷൻസ്ന്റേ  അല്ലെങ്കിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കീഴിൽ കൊണ്ടുവരുന്നത് മൂലം അനാവശ്യമായ വാണിജ്യ കിടമത്സരങ്ങളും മറ്റും ഒഴിവാക്കാൻ സാധിക്കും. പരീക്ഷണങ്ങളിൽ ആധികാരിക വിജയം നേടുന്ന മരുന്നുകൾ കാലതാമസമില്ലാതെ എല്ലാ ഇടങ്ങളിലും നിർമ്മിക്കുവാനും, അത് പൊതുജനങ്ങൾക്ക് സാമ്പത്തിക ബാധ്യത ഇല്ലാതെ എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കാനും ഈ പ്രസ്ഥാനങ്ങൾക്ക് സാധിക്കണം.

ഇന്ന് ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്ന ഈ കോവിഡ് വാക്സിനും, ഇനി വരാനിരിക്കുന്ന  എല്ലാ വാക്സിനുകളും രാജ്യാന്തര അതിർത്തികൾ ഇല്ലാതെ എത്രയുംവേഗം എല്ലാ ജനങ്ങളിലേക്കും എത്തി ചേരട്ടെ എന്നും ഈ കൊറോണ കാലത്തിന്റെ ദുരിതങ്ങളിൽ നിന്ന് മനുഷ്യകുലത്തിനു മുഴുവൻ ഒരു മുക്തി ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു.

അനൂപ് ജോസഫ്

Share this news

Leave a Reply

%d bloggers like this: