ക്യാപ്റ്റൻ കൂളായി വിരമിക്കൽ പ്രഖ്യാപിച്ചു, കൂടെ സുരേഷ് റെയ്‌നയും

എം എസ് ധോണിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു. ഇതോടെ സംഭവ ബഹുലമായ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരവുമായി.

2004 ഡിസംബർ 23ന് ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യ കളിയിൽ റണ്ണെടുക്കും മുമ്പേ റണ്ണൗട്ടായി മടങ്ങി. 2007ലെ ട്വന്റി–20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ധോണിയായിരുന്നു അമരത്ത്. ഇതോടെ ഈ റാഞ്ചിക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി വളർന്നു. 2011ലെ ഏകദിന ലോകകപ്പും ധോണിക്കു കീഴിൽ ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം ഈ മുൻ ക്യാപ്റ്റൻ കളത്തിലില്ല.

രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 48 ഏകദിനങ്ങളിൽനിന്ന് 50.58 റൺ ശരാശരിയിൽ 10,723 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 72 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. 2005 ഒക്ടോബർ 31ന്‌ ശ്രീലങ്കക്കെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്‌കോർ. 2017ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 134 റൺസാണ് ധോണിയുടെ കരിയറിലെ അവസാന ഏകദിന സെഞ്ച്വറി. മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും പ്രഖ്യാപനം. ധോണിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 33കാരനായ റെയ്‌നയും വിടവാങ്ങുന്നത്. ‘നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, അഭിമാനത്തോടെ നിങ്ങളുടെ ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞാനും ചേരുകയാണ്. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്’- എന്നായിരുന്നു റെയ്‌നയുടെ ഇൻസ്റ്റഗ്രാം  സന്ദേശം.

അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ ധോനിയും റെയ്‌നയും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയ്ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: