ലിവിംഗ് വിത്ത് കോവിഡ് : ഡബ്ലിനിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കും

കോവിഡ്-19 വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് അയർലൻഡിൽ സർക്കാർ  ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പുതിയ റോഡ്മാപ്പ് കഴിഞ്ഞ ദിവസം സർക്കാർ പ്രസിദ്ധീകരിച്ചു. ലിവിംഗ് വിത്ത് കോവിഡ്’ എന്നതാകും ഈ ഘട്ടത്തിൽ സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.

രോഗബാധിതരുടെ എണ്ണത്തിൽ  ശക്തമായ വർദ്ധനവാണ് പല കൗണ്ടികളിലും കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഈ കൗണ്ടികളിൽ രോഗവ്യാപനം തടയുന്നതിനായി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും  സർക്കാർ അറിയിച്ചു.

രാജ്യത്തെ വൈറസ് വ്യാപന നിരക്കിനെ അടിസ്ഥാനമാക്കി അഞ്ച് സോണുകളാക്കി തരംതിരിക്കും. ഇതിനനുസൃതമായി കൗണ്ടികളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കും. അയർലണ്ടിലെ കൗണ്ടികളിലധികവും രണ്ടാമത്തെ സോണിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്‌. ഡബ്ലിനിൽ വൈറസ്‌ വ്യാപന നിരക്ക് വർദ്ധിച്ചു വരുന്ന ഡബ്ലിനിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ തുടരും.

ഡബ്ലിനൊഴികെയുള്ള മറ്റ് 25 കൗണ്ടികളിൽ സെപ്റ്റംബർ 21 മുതൽ പബ്ബുകളുടെ പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ തലസ്ഥാന നഗരിയിലെ ഭക്ഷണം വിളമ്പാത്ത പബ്ബുകൾ മൂന്നാഴ്ച കൂടി അടഞ്ഞു തന്നെ കിടക്കും. കൈകഴുകൽ, സാമൂഹിക അകലം, ഫേസ് മാസ്ക് തുടങ്ങി എല്ലാ പൊതുജനാരോഗ്യ നിർദ്ദേശങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണം.

ആദ്യത്തെ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ 10 പേർക്ക് ഒരേ സമയം ഭവന സന്ദർശനങ്ങൾ നടത്താൻ സാധിക്കൂ. 100 പേർക്ക് വരെ ഒരു വിവാഹ ചടങ്ങിലും സ്വീകരണത്തിലും പങ്കെടുക്കാം. 2 മീറ്ററോളം കർശനമായ സാമൂഹിക അകലവും, പ്രവേശനത്തിനും പുറത്തുകടക്കലിനുമുള്ള വൺ-വേ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന ചടങ്ങുകളിൽ 200 പേരെ വരെ പങ്കെടുപ്പിക്കാം.

ഇൻഡോർ ഗെയിമുകളിൽ പരമാവധി 100 കാണികളെ അനുവദിക്കും. ഔട്ട്‌ഡോർ ഗെയിമുകളിൽ പരമാവധി 200 കാണികളെ വരെ പങ്കെടുപ്പിക്കാം. ഔട്ട്‌ഡോർ സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 500 കാണികളെയും അനുവദിക്കും. നൈറ്റ്ക്ലബ്ബുകൾ, ഡിസ്കോകൾ, കാസിനോകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും.

രണ്ടാമത്തെ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സ്കൂളുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, ജിമ്മുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. കായിക പ്രവർത്തനങ്ങൾ നിയന്ത്രണങ്ങക്ക് അനുസൃതമായി തുടരാം.

മൂന്നാമത്തെ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സ്കൂളുകളും ശിശു സംരക്ഷണ കേന്ദ്രങ്ങൾ, പബ്ബുകൾ, മ്യൂസിയങ്ങൾ, ഇൻഡോർ സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും. പാർസൽ സർവീസ്, ഔട്ട്‌ഡോർ ഡൈനിംഗ് തുടങ്ങിയ സേവനങ്ങൾ റെസ്റ്റോറന്റുകളിൽ നിന്നും ലഭ്യമാകും.

നാലാമത്തെ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സ്കൂളുകളും ശിശു സംരക്ഷണ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. ആളുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

അത്യാവശ്യമായ ബിസിനസ്സുകളും സേവനങ്ങളും മാത്രമേ തുറന്നു പ്രവർത്തിക്കൂ. ബാക്കിയുള്ളവ അടഞ്ഞു തന്നെ കിടക്കും. വീടുകളിൽ സന്ദർശകരെ അനുവദിക്കില്ല. മാത്രമല്ല സാമൂഹിക ഒത്തുചേരലുകളും അനുവദിക്കില്ല.

അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളാകും അഞ്ചാമത്തെ സോണിൽ ഉൾപ്പെടുക. വീടിന്റെ 5 കിലോമീറ്ററിനുള്ളിൽ വ്യായാമം ചെയ്യുന്നതിന് അനുവദിക്കും.
വ്യായാമം ഒഴികെയുള്ള മറ്റ് ഒരാവശ്യങ്ങൾക്കുമായി ആളുകൾ പുറത്തു പോകാൻ പാടില്ല.

ജനങ്ങൾ വീടുകളിൽ തന്നെ തുടരണം. ശവസംസ്കാരം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ വളരെകുറച്ചു പേരെ മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ. മറ്റ് ഒത്തുചേരലുകളൊന്നും തന്നെ ഈ പ്രദേശങ്ങളിൽ അനുവദിക്കില്ല.

Share this news

Leave a Reply

%d bloggers like this: