Wednesday, October 21, 2020

സൗരയൂഥത്തിലെ നരകം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു!

Updated on 17-09-2020 at 8:36 am

Share this news

നവനീത് കൃഷ്ണൻ എസ്

സൗരയൂഥത്തിൽ ഒരു ‘നരക’മുണ്ടെങ്കിൽ അത് ശുക്രനിലാണ് എന്നൊരു ചൊല്ലുണ്ട്. അത്രയും ചൂടാണവിടെ. താപനില 450 ഡിഗ്രി സെൽഷ്യസിനു മുകളിൽ! പോരാത്തതിന് സൾഫ്യൂരിക്ക് ആസിഡ് അടങ്ങിയ മേഘങ്ങൾ. ജീവൻ നിലനിൽക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ഒരിടം. പക്ഷേ അവിടെയും ജീവന്റെ സാന്നിധ്യം  ഉണ്ടാകാമെന്ന്‌  ശാസ്ത്രജ്ഞർ!  അതെ  ശുക്രൻ (വീനസ്‌) വീണ്ടും വാർത്തകളിൽ നിറയുകയാണ്‌.

ഫോസ്ഫൈൻ വാതകവും ജീവനും
ഭൂമിയിൽ സൂക്ഷ്മജീവികൾ ഉണ്ടാക്കുന്ന ഒരു വാതകമുണ്ട്. ഫോസ്ഫൈൻ എന്നു പറയും. ഒരു ഫോസ്ഫറസ് ആറ്റവും മൂന്ന് ഹൈഡ്രജൻ ആറ്റവും ചേർന്ന ഒരു വാതകം. ഈ വാതകത്തെയാണ് ശുക്രന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫോസ്ഫൈൻ ഉണ്ടെങ്കിൽ അതിനു കാരണം ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്മജീവികൾ ആകാൻ സാധ്യതയില്ലായ്കയില്ല! ഭൂമിയിൽ പരീക്ഷണശാലകളെ മാറ്റിനിർത്തിയാൽ ജീവികളാണ് ഫോസ്ഫൈൻ ഉൽപ്പാദിപ്പിക്കുന്നത്. ഓക്സിജൻ ഇല്ലാത്ത അവസ്ഥയിൽ അഴുകുന്ന വസ്തുക്കളിലാണ്‌  ഫോസ്ഫൈൻ ഉണ്ടാകാനുള്ള സാധ്യത.  ശുക്രാന്തരീക്ഷത്തിലെ മുകൾപാളികളിലാണ് ഫോസ്ഫൈൻ കണ്ടെത്തിയിട്ടുള്ളത്. അതും വളരെ കുറഞ്ഞ (100 കോടിയിൽ 20 എന്ന നിലയിൽ) തോതിലും.  ശുക്രനിൽ നടക്കുന്ന അഗ്നിപർവതസ്ഫോടനങ്ങളോ മറ്റേതെങ്കിലും രാസപ്രവർത്തനങ്ങൾ വഴിയോ ഫോസ്പൈൻ ഉണ്ടാകാവുന്നതാണ്. എന്നാൽ അത്തരത്തിലുള്ള പ്രവർത്തനത്തിലൂടെയല്ല ഈ ഫോസ്ഫൈൻ ഉണ്ടായതെന്നാണ് വിലയിരുത്തൽ. അന്തരീക്ഷത്തിന്റെ മുകൾപാളികളിൽ വസിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്മജീവികളാണോ ഇതിനു കാരണം എന്നാണ് സന്ദേഹം!

എന്നിരുന്നാലും ശുക്രനിൽ ജീവനുണ്ട് എന്നതിന് നേരിട്ടുള്ള ഒരു തെളിവും  ഇതുവരെ ലഭിച്ചിട്ടില്ല. ഫോസ്ഫൈൻ ഒരു പക്ഷേ അവിടത്തെ മേഘങ്ങളിൽ വസിക്കുന്ന ഏതെങ്കിലും സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമായി ഉണ്ടായാതാകാം എന്നൊരു വിദൂരസാധ്യത മാത്രമേ ശാസ്‌ത്രലോകംമുന്നോട്ടു വയ്ക്കുന്നുള്ളൂ. ഇനിയും അനേകമനേകം പഠനങ്ങൾ ഇക്കാര്യത്തിൽ നടക്കാനുണ്ട്. 

 
ശാസ്‌ത്രലോകം കൗതുകത്തോടെ
ജീവൻ നിലനിൽക്കാൻ ഒട്ടും സാധ്യതയില്ലെന്നു കരുതുന്നിടത്തുപോലും ജീവൻ അന്വേഷിക്കുന്നവരാണ് ആസ്ട്രോബയോളജിസ്റ്റുകൾ.  ജീവനുണ്ടാകാൻ എന്തെങ്കിലും വിദൂരസാധ്യത കണ്ടാൽ ഉടൻ അതിന്റെ പിറകേ പോകും അവർ. ശുക്രനിൽ ഫോസ്ഫൈൻ കണ്ടെത്തിയതിന്റെ പുറകെയാകും ഇനി കുറെക്കാലം അവ‍ർ. ഒരു കാലത്ത് ശുക്രനിൽ സമുദ്രങ്ങളും മറ്റും ഉണ്ടായിരുന്നതായി ചില ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. ചൂട് കൂടിയതിനാൽ അത് പിന്നീട് ബാഷ്പീകരിച്ചു പോയിട്ടുണ്ടാകാം. അക്കാലത്ത്  അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നിരിക്കാം.
ഹവായിയിലെ ജയിംസ് ക്ലാർക്ക് മാക്സ്‍വെൽ ടെലിസ്കോപ്പ് ഉപയോഗിച്ച്‌  2017ലാണ് ഫോസ്ഫൈനിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തുന്നത്. പിന്നീട് ചിലിയിലെ അറ്റക്കാമ ലാർജ് മില്ലീമീറ്റർ അറേ ടെലിസ്കോപ്പ് ഉപയോഗിച്ച് ഈ കണ്ടെത്തൽ സ്ഥിരീകരിച്ചു. നേച്ചർ ആസ്ട്രോണമി മാസികയിൽ അടുത്തിടെ ഈ പഠനം പ്രസിദ്ധീകരിച്ചു. ജ്യോതിശാസ്‌ത്രജ്ഞനായ ജെയിൻ ഗ്രീവ്സും സഹശാസ്ത്രജ്ഞരും ചേർന്നായിരുന്നു പഠനം. ഭൂമിയിലുള്ള ടെലിസ്കോപ്പ് ഉപയോഗിച്ച് അവിടെയുള്ള രാസവസ്തുക്കളെ എങ്ങനെ കണ്ടെത്തും എന്നു സംശയം തോന്നാം. ശുക്രന്റെ അന്തരീക്ഷത്തിൽനിന്നുള്ള പ്രകാശത്തെ ഇഴകീറി പരിശോധിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്പെക്ട്രോസ്കോപ്പി എന്ന സംവിധാനമാണ് ഇതിന് ഉപയോഗിക്കുക.  ശുക്രനിൽനിന്നുള്ള പ്രകാശത്തെ ആദ്യം വർണരാജിയാക്കി മാറ്റും. ഇത് വിശകലനം ചെയ്താൽ അവിടെയുള്ള മൂലകങ്ങളെക്കുറിച്ചും സംയുക്തങ്ങളെക്കുറിച്ചും  അറിയാനാകും.

രസകരമാണ് ശുക്രന്റെ കാര്യം
സൗരയൂഥത്തിലെ ഏറ്റവും ചൂടു കൂടിയ ഗ്രഹം. കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ ഏറെ കൂടുതലാണ്. 96 ശതമാനത്തോളം. മാത്രമല്ല ഭൂമിയേക്കാൾ ഏറെയേറെ കട്ടിയേറിയ അന്തരീക്ഷവും. (ഭൂമിയുടെ ഉപരിതലത്തിലെ അന്തരീക്ഷമർദത്തിന്റെ 90 ഇരട്ടിയിൽ അധികമാണ് ശുക്രോപരിതലത്തിലെ മർദം.) അതിനാൽ ശുക്രനിലേക്കെത്തുന്ന സൂര്യപ്രകാശം ശുക്രനിലെ അന്തരീക്ഷത്തിൽ കുടുങ്ങിക്കിടക്കും. ഗ്രീൻ ഹൗസ് ഇഫക്റ്റ് എന്ന പ്രതിഭാസം! സൗരയൂഥത്തിലെ ഏറ്റവും ശക്തമായ ഗ്രീൻ ഹൗസ് ഇഫക്റ്റ് ഉള്ളതും ശുക്രനിലാണ്. അതിനാൽ 450 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട്. പകലും രാത്രിയും തമ്മിൽ ചൂടിന്റെ കാര്യത്തിൽ കാര്യമായ വ്യത്യാസവും ഇല്ല. സൂര്യന്റെ തൊട്ടടുത്തുള്ള ബുധനെക്കാളും ഏറെയേറെ മുമ്പിലാണ് ചൂടിന്റെ കാര്യത്തിൽ ശുക്രൻ. ചൂടും അന്തരീക്ഷവും മാറ്റിനിർത്തിയാൽ ഏതാണ്ട് ഭൂമിയോട് സമാനമാണ് ശുക്രൻ. വലുപ്പവും ഭാരവും സാന്ദ്രതയും ഗ്രാവിറ്റിയും ഒക്കെ ഏതാണ്ട് ഭൂമിക്ക്‌ സമാനം.

നേരിട്ട്‌ കാണാം
ശുക്രനെ കാണാത്തവർ വളരെ കുറവായിരിക്കും. സൂര്യാസ്തമയത്തിനുശേഷമോ ഉദിക്കുന്നതിനു മുമ്പോ ആകും മിക്കപ്പോഴും ശുക്രൻ ആകാശത്തുണ്ടാകുക. അടുത്ത കുറച്ചു കാലത്തേക്ക് പുലർച്ചെയാകും ശുക്രനെ കാണാൻ കഴിയുക. സൂര്യനുദിക്കുന്നതിനു മുമ്പായി കിഴക്കേ ആകാശത്തേക്ക്‌ നോക്കിയാൽ മതി. നല്ല തിളക്കമുള്ള നക്ഷത്രം പോലെയാകും കാണപ്പെടുക. സമീപത്തുള്ള മറ്റു നക്ഷത്രങ്ങളെക്കാളും ഗ്രഹങ്ങളെക്കാളും പ്രകാശം ശുക്രനുണ്ടാകും.  സന്ധ്യാനക്ഷത്രമെന്നും പ്രഭാതനക്ഷത്രമെന്നും ഒക്കെ ശുക്രന്‌ പേരുവരാനുള്ള കാരണവും ഇതാണ്.  ശുക്രന്റെ കട്ടിയേറിയ അന്തരീക്ഷത്തിലെ മേഘങ്ങളിൽ തട്ടി സൂര്യപ്രകാശം കൂടുതലായി പ്രതിഫലിക്കുന്നതാണ് തിളക്കം കൂടാനുള്ള പ്രധാന കാരണം.

ശുക്രനിലേക്ക് പേടകങ്ങൾ
അനേകം പേടകങ്ങൾ മനുഷ്യൻ ശുക്രനിലേക്ക് അയച്ചിട്ടുണ്ട്. 1961 മുതൽ 84വരെ സോവിയറ്റ് യൂണിയനാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിന്നത്. അവരുടെ വെനീറ എന്ന പദ്ധതിയാണ് ശുക്രനെക്കുറിച്ച് നമുക്കറിയാവുന്ന മിക്ക വിവരങ്ങളും തന്നത്. നിരവധി പരാജയങ്ങൾക്കുശേഷമാണ് വെനീറ പദ്ധതി വിജയിച്ചത്. ശുക്രന്റെ ഉപരിതലത്തിൽ പേടകമിറക്കാനും ചിത്രങ്ങൾ അയക്കാനും അന്തരീക്ഷത്തെക്കുറിച്ചു പഠിക്കാനും എല്ലാം വെനീറയ്ക്ക് കഴിഞ്ഞു.

 
1970 ഡിസംബറിൽ ശുക്രനിൽ വെനീറ 7 എന്ന പേടകം ഇറക്കുന്നതിൽ സോവിയറ്റ് യൂണിയൻ വിജയിച്ചു. വിജയകരമായി മറ്റൊരു ഗ്രഹത്തിലിറങ്ങിയ ആദ്യ മനുഷ്യനി‍ർമിത പേടകം കൂടിയായിരുന്നു അത്.  നാസയുടെ പയനിയർ പേടകങ്ങളും ശുക്രനെക്കുറിച്ചു പഠിച്ചിട്ടുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ വീനസ് എക്സ്പ്രസ് എന്ന പേടകം ഒമ്പതു വർഷത്തോളം ശുക്രനു ചുറ്റും കറങ്ങി  പഠിച്ചിരുന്നു. ഭൂമിയിലേതുപോല മിന്നലുകളും മറ്റും അവിടെ ഉള്ളതായി ഈ ദൗത്യം കണ്ടെത്തി. 2026ലോ 2031ലോ വെനീറ- ഡി എന്നൊരു പദ്ധതി ശുക്രനെ ലക്ഷ്യമാക്കി ഒരുങ്ങുന്നുണ്ട്. നാസയുടെ സഹകരണത്തോടെ റഷ്യയാകും ഈ പേടകം വിക്ഷേപിക്കുക. ഐഎസ്‌ആർഒയും ശുക്രനിലേക്ക്‌ പേടകം അയക്കുന്നതിലുള്ള ആലോചനയിലാണ്‌.

comments


 

Other news in this section
WhatsApp chat