ബഹിരാകാശ മാലിന്യ കൂട്ടിയിടി ഭീഷണി; അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം ഉയർത്തി, അവിടെയുണ്ടായിരുന്ന മൂന്നുപേരും സുരക്ഷിതർ

ബഹിരാകാശമാലിന്യ ഭീഷണിയെത്തുടർന്ന്‌ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം ഉയർത്തി. പഥം ഉയർത്തിയതിനു തൊട്ടുപിന്നാലെ റോക്കറ്റിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങൾ (സ്‌പെയ്‌സ്‌ ഡെബ്രിസ്‌) നിലയത്തിന്‌ 1.39 കിലോമീറ്റർ അരികിലൂടെ കടന്നുപോയി. റഷ്യയുടെയും അമേരിക്കയുടെയും വിദഗ്ധർ ഒന്നിച്ചാണ് പഥം ഉയർത്തൽ പ്രവർത്തനം നിയന്ത്രിച്ചത്. രണ്ടര മിനിറ്റിൽ വിജയകരമായി ഇത്‌ പൂർത്തീകരിക്കാനായി. ജപ്പാൻ 2018ൽ വിക്ഷേപിച്ച റോക്കറ്റിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങളാണ്‌ അപ്രതീക്ഷിതമായി ഭീഷണി ഉയർത്തിയത്‌. ഇത്തരം ലക്ഷക്കണക്കിനു മാലിന്യം ബഹിരാകാശത്തുണ്ട്‌. കൂട്ടിയിടി ‌സാധ്യത മുന്നിൽക്കണ്ടാണ്‌ ‘രക്ഷാപ്രവർത്തന’ത്തിന്‌ രൂപം നൽകിയത്‌.

‌അമ്പത്‌ സെക്കൻഡ്‌ ബുസ്റ്ററുകൾ ജ്വലിപ്പിച്ചാണ്‌ ഇത്‌ സാധ്യമാക്കിയത്‌. ഇതിനു മുന്നോടിയായി നിലയത്തിലുണ്ടായിരുന്ന മൂന്ന്‌ ബഹിരാകാശസഞ്ചാരികളെയും സോയുസ്‌ എംഎസ്‌ പേടകത്തിലേക്ക്‌ മാറ്റിയിരുന്നു. ഭ്രമണപഥമുയർത്തൽ പൂർത്തിയായതിനുശേഷം ഇവർ നിലയത്തിലേക്കുതന്നെ മടങ്ങി. ക്രിസ്റ്റഫർ ജെ കസിഡി (നാസ), അനടോളി ഇവാൻഷിൻ, ഇവാൻ വഗ്‌നർ(റഷ്യ) എന്നിവരാണ് ഇപ്പോൾ നിലയിത്തിലുള്ളത്‌. 400 കിലോമീറ്ററിനു മുകളിൽ 17,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര നിലയം  ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിതിയാണ്‌.

Share this news

Leave a Reply

%d bloggers like this: