കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; നാരായണഗുരുവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം കൊല്ലത്ത്

കേരളത്തിലെ ആദ്യ ഓപ്പൺ  സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഗാന്ധിജയന്തി ദിനത്തിൽ യാഥാർഥ്യമായി‌.  സർവകലാശാലയിലേക്കുള്ള പ്രവേശനം ഈ വർഷംതന്നെ ആരംഭിക്കും. പ്രവേശനം പൂർണമായും ഓൺലൈനിലാണ്‌.

കേരള, എംജി എന്നിവിടങ്ങളിലെ പ്രൈവറ്റ്‌ രജിസ്‌ട്രേഷനും കേരള, കാലിക്കറ്റ്‌‌, കണ്ണൂർ എന്നിവിടങ്ങളിലെ  വിദൂരവിഭ്യാഭ്യാസവും ‌ സർവകലാശാലയ്ക്ക്‌ കീഴിലാകും‌. അവയിലേക്കുള്ള  പ്രവേശനം ഓപ്പൺ സർവകലാശാലയാകും നടത്തുക.  ഇവിടെ നിലവിലുള്ള വിദ്യാർഥികൾ ഓപ്പൺ സർവകലാശാലയ്ക്ക്‌ കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങൾ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പൺ സർവകലാശാലയുടെ ഭാഗമാകും. പിന്നീട്‌ കേരളത്തിലെ മറ്റൊരു സർവകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനാകില്ല.

നിലവിലുള്ള സർവകലാശാലകളുടെ അക്കാദമിക്‌ കൗൺസിൽ തീരുമാനിക്കുന്ന  കോഴ്‌സുകൾ തന്നെയാണ്‌  തുടരുക. അത്‌ ഓപ്പൺ സർവകലാശാലയുടെ അക്കാദമിക്‌ കൗൺസിലിന്റെ ഭാഗമായി മാറുകയാണ്‌ ചെയ്യുന്നത്‌. അധ്യാപകരും കൗൺസിൽ അംഗങ്ങളും പുതിയ സർവകലാശാലയുടെ  ഭാഗമായി തുടരും. പുതിയ കോഴ്‌സ്‌ അതത്‌ സർവകലാശാലകൾക്ക്‌ തീരുമാനിക്കാം. തൊഴിൽ അധിഷ്ഠിത കോഴ്‌സ്‌, സ്ത്രീകൾ, പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കെല്ലാം കൂടുതൽ പ്രയോജനകരമാകുന്ന  കോഴ്‌സ്‌ കൊണ്ടുവരും. 

നിലവിൽ വിദൂര സർവകലാശാലയിൽ പഠിക്കുന്ന രണ്ടര ലക്ഷത്തോളം വിദ്യാർഥികളെ കൂടാതെ 30,000 വിദ്യാർഥികൾക്കുകൂടി ഉപരിപഠനം സാധ്യമാകും.

Share this news

Leave a Reply

%d bloggers like this: