ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . ജ്ഞാനപീഠം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കുറെ നാളായി ചികിത്സയിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (15/10/20) രാവിലെ എട്ടോടെയായിരുന്നു‌ അന്ത്യം .

നവോത്ഥാനമൂല്യങ്ങളുടെയും ഇന്ത്യൻ തത്ത്വചിന്തയുടെടെയും സമഗ്രത പേറുന്ന നിരവധി കവിതകളാണ്‌ അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്‌. സെപ്‌തംബർ 24നാണ്‌ ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട്‌ 5ന്‌ വീട്ടുവളപ്പിൽ നടക്കും.

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.  1949 ല്‍ 23-നാം വയസ്സില്‍ വിവാഹിതനായി. ഭാര്യ പട്ടാമ്പി ആലമ്പിള്ളി മനയിൽ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. സഹോദരൻ അക്കിത്തം നാരായണൻ പാരിസിൽ താമസിക്കുന്ന  പ്രശസ്തനായ ചിത്രകാരനും ശില്പിയും ആണ്.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.

1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്‌, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തെരഞ്ഞെടുത്ത കവിതകൾ, കവിതകൾ സമ്പൂർണം തുടങ്ങിയവയാണ്‌ പ്രധാനകൃതികൾ

മൂർത്തിദേവി പുരസ്‌കാരം, എഴുത്തച്ഛൻ അവാർഡ്‌, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌, കേരള സാഹിത്യഅക്കാദമി അവാർഡ്‌, വയലാർ അവാർഡ്‌, കബീർസമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

Share this news

Leave a Reply

%d bloggers like this: