ഫ്രാൻ‌സിൽ വീണ്ടും ഭീകരാക്രമണം ,അധ്യാപകനെ തലയറുത്തു കൊന്നു

പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ച അധ്യാപകനെ ഫ്രാൻസിൽ തലയറുത്തു കൊന്നു. കൊലപാതകം നടത്തിയയാൾ പിടികൂടാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. അധ്യാപകൻ്റെ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രഞ്ച് തലസ്ഥാനമായ പാരീസിൻ്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവാചകൻ നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാരീസ് നഗരത്തോടു ചേര്‍ന്ന പ്രദേശമായ കോൺഫ്രാൻ സെയിൻറ് ഹോണോറിനിലെ ഒരു സ്കൂളിലായിരുന്നു നിഷ്ഠൂരമായ കൊലപാതകം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

2015ൽ ചാര്‍ളി ഹെബ്ദോ ഓഫീസിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതികളുടെ വിചാരണ തുടങ്ങാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കേയാണ് പുതിയ ‘ഭീകരാക്രമണം’.

സംശയാസ്പദമായ നിലയിൽ ഒരാള്‍ സ്കൂളിനു സമീപം ചുറ്റിത്തിരിയുന്നുണ്ടെന്ന് ഫോണിലൂടെ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലത്തെത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് കണ്ടത് അധ്യാപകൻ മരിച്ചു കിടക്കുന്നതായിരുന്നു. അടുത്തു തന്നെയുണ്ടായിരുന്നയാളുടെ കൈയ്യിൽ കത്തി പോലുള്ള ഒരു ആയുധം ഉണ്ടായിരുന്നുവെന്നും അറസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. തുടര്‍ന്ന് പോലീസിൻ്റെ വെടിയേറ്റ ഇയാള്‍ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. പിന്നീട് ഇയാള്‍ മരിച്ചതായി കോടതി വൃത്തങ്ങള്‍ വാര്‍ത്താ ഏജൻസിയോടു പറഞ്ഞു.

സംഭവത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലീസിൻ്റെ സംശയം. “തീവ്രവാദസംഘടനകളുമായി ബന്ധമുള്ള കൊലപാതകം” എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. “തീവ്രവാദബന്ധമുണ്ടെന്ന” വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സ്ഥലത്ത് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് സ്ഥലത്തേയ്ക്ക് ബോംബ് സ്ക്വാഡ‍ും പുറപ്പെട്ടിട്ടുണ്ട്. സ്ഥലം റിബൺ കെട്ടിത്തിരിച്ചതായും വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

ആഴ്ചകള്‍ക്കു ശേഷം വീണ്ടും നഗരത്തിൽ തീവ്രവാദ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ മൊറോക്കൻ സന്ദര്‍ശനത്തിലായിരുന്ന ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിൻ ഉടൻ തിരിച്ചെത്തുമെന്നും പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയതായും അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.

പ്രവാചകൻ നബിയുടെ കാര്‍ട്ടൂൺ വരച്ച ആക്ഷേപഹാസ്യ മാസികയായ ചാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു സമീപം കത്തിയാക്രമണം നടന്നത് കഴിഞ്ഞ മാസമായിരുന്നു. സംഭവത്തിൽ 25കാരനായ പാക് സ്വദേശിയ്ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇറച്ചി വെട്ടുന്ന കത്തി കൊണ്ടുള്ള ആക്രമണത്തിൽ ഒരു ടിവി പ്രൊഡക്ഷൻ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ചാര്‍ളി ഹെബ്ദോ ഓഫീസ് സ്ഥിതി ചെയ്യുന്ന അതേ ബ്ലോക്കിലായിരുന്നു സംഭവമുണ്ടായത്.

പാരീസിലെ നോത്രദാം കത്തീഡ്രലിനു സമീപം ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിക കൊണ്ട് ആക്രമിച്ച സംഭവത്തിൽ ഐഎസ് ഭീകരന് ഫ്രഞ്ച് കോടതി 28 വര്‍ഷം തടവ് വിധിച്ചത് ദിവസങ്ങള്‍ക്ക് മുൻപാണ്.

Share this news

Leave a Reply

%d bloggers like this: