മാര്‍ത്തോമ സഭ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്ത അന്തരിച്ചു

തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ അഭിവന്ദ്യനായ അധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത (90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മലങ്കര മാര്‍ത്തോമ്മാ സഭയുടെ ഇരുപത്തി ഒന്നാം അധ്യക്ഷനായിരുന്നു അദ്ദഹം.  ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തായുടെ പിന്‍ഗാമി അയിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചു. 1957 ഒക്ടോബര്‍ 18 വൈദികനായി. 1975 ഫെബ്രുവരി 8 എപ്പിസ്‌കോപ്പയായി.1999 ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി.

അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി ടി ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിനു ശേഷം 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി. 1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം മാര്‍ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി ജോസഫ് മാര്‍ത്തോമ്മ എന്ന പേരില്‍ മാര്‍ ഐറെനിയോസ് നിയോഗിതനായി

Share this news

Leave a Reply

%d bloggers like this: