വിദേശയാത്രക്ക് ശേഷം കറങ്ങി നടന്നു; അയർലൻഡിൽ ഒരാൾ കോവിഡ് പരത്തിയത് 56 പേർക്ക്

വിദേശയാത്രയ്ക്ക് ശേഷം അയർലൻഡിൽ തിരിച്ചെത്തിയ ഒരാൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതുമൂലം 56 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു 

വിദേശ യാത്രയ്ക്ക് ശേഷം കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ഇയാൾ വരുത്തിയ വീഴ്ച സാമൂഹ്യ വ്യാപനത്തിന് ഇടയാക്കി. ഇത് മൂലം മറ്റുള്ളവരിലേക്ക്
അണുബാധ ഉണ്ടായത് സംബന്ധിച്ച്
മിഡ് വെസ്റ്റിലെ പൊതുജനാരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
   
പ്രസ്തുത വ്യക്തിയുടെ അശ്രദ്ധ മൂലം കുറഞ്ഞത് 56 പേർക്ക് കൊറോണ വൈറസ് ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പത്ത് കുടുംബങ്ങളിലുള്ളവരെ കൂടാതെ, ഒരു സ്പോർട്സ് ടീമിലെ അംഗങ്ങളും ഉൾപ്പെടുന്നു.

കോവിഡ് -19 എങ്ങനെ സമൂഹത്തിൽ അതിവേഗം വ്യാപിക്കാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് തിങ്കളാഴ്ച മിഡ് വെസ്റ്റിലെ പൊതുജനാരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്.

റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന വ്യക്തി അവധി ദിവസങ്ങളിൽ വിദേശത്തായിരുന്നു. അദ്ദേഹം തിരിച്ച് വീട്ടിലെത്തിയപ്പോൾ നിലവിലെ എച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തന്റെ പ്രവർത്തികൾ നിയന്ത്രിച്ചില്ല. ഈ വ്യക്തിക്ക് ജലദോഷം, തൊണ്ടവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും താപനില സാധാരണമായിരുന്നു.

ലക്ഷണങ്ങൾ ഉണ്ടായിട്ടും കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു കൂട്ടം സുഹൃത്തുക്കളുമായി ഇദ്ദേഹം ഇടപഴകി. പിന്നീട് നടന്ന ടെസ്റ്റിൽ കോവിഡ് പോസിറ്റീവാകുകയും ചെയ്തു.

ഈ വ്യക്തിയുടെ മറ്റൊരു സുഹൃത്തിന് ചില അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്തു. എന്നാൽ പരിശോധനക്ക് ശേഷം താരതമ്യേന സുഖം തോന്നിയതിനാൽ റിസൽട്ടിന് കാത്തുനിൽക്കാതെ സുഹൃത്ത് സംഘടിപ്പിച്ച പാർട്ടിക്ക് പോയി. പാർട്ടിക്ക് ശേഷം ടെസ്റ്റ് ഫലം ലഭിച്ചപ്പോൾ അവർ പോസിറ്റീവായിരുന്നു. കൊറോണ ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുമ്പോൾ, നിരുത്തരവാദപരമായി പാർട്ടിയിൽ പങ്കെടുത്തതിലൂടെ മറ്റ് നിരവധിപ്പേർക്ക് വൈറസ് ബാധയുണ്ടായി.

രോഗ ബാധിതനായി വിദേശത്ത് നിന്നും മടങ്ങിയെത്തിയ വ്യക്തി പതിവായി ചില കുടുംബങ്ങൾ സന്ദർശിച്ചിരുന്നതിനാൽ, ഈ വ്യക്തിയിൽനിന്ന് ഈ കുടുംബത്തിലെ അംഗങ്ങളിലേക്കും, ഇവരിൽ നിന്നും മറ്റ് പലരിലേക്കും കോവിഡ് -19 ബാധിക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

രോഗലക്ഷണങ്ങളില്ലാതിരുന്ന അദ്ദേഹത്തിന്റെ വിശാലമായ കുടുംബ ബന്ധുക്കളിൽ ഒരാൾ തന്റെ പ്രാദേശിക ടീമിനു വേണ്ടി ഒരു മത്സരം കളിച്ചതുമൂലം നിരവധി ടീമംഗങ്ങൾക്കും രോഗം ബാധിച്ചു. ഇവരിൽ നിന്നും മറ്റു പലരിലേക്കും രോഗബാധയുണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സെപ്റ്റംബർ 19 അർദ്ധരാത്രി വരെ ഈ പ്രദേശത്ത് 1,894 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 293 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചിൽ ഒരാൾ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്ത് മാത്രം രോഗബാധിതരുടെ എണ്ണം 1,100 പേരിലേക്ക് ഉയർന്നു.

ഓഗസ്റ്റ് 1 വരെ ഈ പ്രദേശത്ത് 93 മരണങ്ങളുണ്ടായി. അതിൽ 80 എണ്ണം സ്ഥിരീകരിച്ച കേസുകളാണ്. 13 എണ്ണം സാധ്യതയുള്ളതോ സാധ്യമായതോ ആയ കേസുകൾ ആണെന്നും തരംതിരിച്ചിട്ടുണ്ട്.

മരണമടഞ്ഞവരുടെ ശരാശരി പ്രായം 83 വയസ്സാണ്. മരിച്ചവരിൽ 88.2% പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ, ഇതിൽ ആറ് (6.5%) പേർ തീവ്രപരിചരണത്തിന് വിധേയരായി.

Share this news

Leave a Reply

%d bloggers like this: