അയർലൻഡിൽ വംശീയ ആക്രമണത്തിന് ഇരയായൊരു കുടുംബം ഭവനരഹിതരാകുമെന്ന ഭയത്തിൽ ജീവിതം തള്ളിനീക്കുന്നു

വംശീയ ആക്രമണത്തിന് ഇരയായ ഒരു അമ്മയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഭവനരഹിതരാകുമെന്ന ആശങ്കയിൽ. വംശീയതയെ ചൊല്ലി അമ്മയ്ക്കും മകനും നേരെ ക്രൂരമായ ആക്രമണമാണ് കഴിഞ്ഞു മാസം അക്രമികൾ അഴിച്ചു വിട്ടത്. ഇതിനെ തുടർന്ന് കുടുംബം Louth കൗണ്ടിയിലെ  Dundalk-ലുള്ള വീട്ടിൽ നിന്നും പലായനം ചെയ്തു.

അമ്മയും മൂന്ന് മക്കളും ഇപ്പോൾ നഗരത്തിലെ B&B സെന്ററിലാണ് താമസിക്കുന്നത്. കഴിഞ്ഞ മാസം നടന്ന സംഭവത്തിന് ശേഷം ഈ കുടുംബം തൽക്കാലത്തേക്ക് ഇവരുടെ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ ആ വീട്ടിലെ  സ്ഥലപരിമിതി മൂലം കഴിഞ്ഞ ആഴ്ച മുതലാണ് B&B സെന്ററിൽ താമസമാരംഭിച്ചത്. Louth കൗണ്ടി കൗൺസിലാണ് കുടുംബത്തിന് B&B സെന്ററിൽ താമസിക്കാൻ പണം നൽകി സഹായിക്കുന്നത്.

കല്ലുകൾ, പടക്കങ്ങൾ, ചപ്പുകൾ തുടങ്ങി പല വസ്തുക്കളും അക്രമികൾ വീട്ടിലേക്ക് വലിച്ചെറിയാറുണ്ടായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തുകയും പിന്തുടർന്ന് ആക്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും മാതാവ്  പറഞ്ഞു.

സെപ്റ്റംബർ 18 വെള്ളിയാഴ്ച രാത്രിയാണ് കുടുംബത്തിനു നേരെ കടുത്ത ആക്രമണം അക്രമികൾ അഴിച്ചു വിട്ടത്. അമ്മയെ ബേസ്ബോൾ ബാറ്റ് കൊണ്ട് ആക്രമിച്ച സംഘം തുടർന്ന് മകനുനേരെ തിരിഞ്ഞു. ഇവരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിക്ക് ഇതുവരെയും സ്‌കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിൽ മാതാവിനും സാരമായി പരിക്കേറ്റിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ചു കൊണ്ടാണ് അവർ തങ്ങളെ ആക്രമിച്ചതെന്നും മാതാവ് പറഞ്ഞു.

സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇവർ ആക്രമണം തുടരുകയായിരുന്നു. വീടിന്റെ ജനാലയിലൂടെ ഇഷ്ടിക വലിച്ചെറിഞ്ഞെങ്കിലും ഈ സമയത്ത് കുടുംബം  അവിടെ ഉണ്ടായിരുന്നില്ല. 
സംഭവവത്തിന്റെ ദൃശ്യങ്ങൾ കൗൺസിൽ പരിശോധിച്ചെന്ന് കൗൺസിലർ കെവിൻ‌ മീനൻ‌ പറഞ്ഞു. പുതിയ താമസ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഉടനെ തന്നെ കുടുംബത്തെ സഹായിക്കാൻ സാധിക്കുമെന്നും സ്ഥിതിഗതികൾ ഉടൻ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സുരക്ഷാ കാരണങ്ങളാൽ പഴയ വീട്ടിലേക്ക് മടങ്ങാൻ കുടുംബം തയ്യാറായില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി തവണയാണ് കുടുംബം വംശീയ ആക്രമണത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഗാർഡയ്ക്ക് പരാതി നല്കിയതായും കുടുംബം പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗാർഡ ഓംബുഡ്‌സ്മാൻ കമ്മീഷൻ (Garda Síochána Ombudsman Commission) പ്രതിനിധികളുമായി അമ്മയും മൂത്ത മകളും കൂടിക്കാഴ്ച നടത്തി.
സെപ്റ്റംബർ 18 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ നിരാശരാണെന്ന് കുടുംബം പറഞ്ഞു.

എന്നാൽ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ നൽകാൻ ഇപ്പോൾ സാധിക്കില്ലെന്നും ജി.എസ്.ഒ.സി വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: