കോർക്കിൽ വീണ്ടും വൻ വെള്ളപ്പൊക്കം; ദുരിതാശ്വാസ പദ്ധതികൾക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കണമെന്നഭ്യർത്ഥിച്ച് മന്ത്രി

കോർക്ക് നഗരത്തെ മുഴുവൻ വെള്ളത്തിലാഴ്ത്തിയ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്ക ഓർമ്മകൾ പ്രദേശവാസികളുടെ ഉള്ളിൽ നിന്ന് മായും മുന്നെയാണ് നഗരം മറ്റൊരു വെള്ളപൊക്കത്തിന് സാക്ഷ്യം വഹിച്ചത്. നഗരത്തിന്റെ  ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു.

2009-ലെ വെള്ളപ്പൊക്ക കാലത്ത് ആരംഭിച്ച ദുരിതാശ്വാസ പദ്ധതികൾ ഇന്നും പേപ്പറുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ പദ്ധതികൾ നടപ്പായിരുന്നു എങ്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കം ഒരുപക്ഷേ തടയാൻ കഴിഞ്ഞേനെ എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

സർക്കാരും OPW-ഉം നടപ്പിലാക്കാൻ ഉദ്ദേശിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയെ എതിർത്തു കൊണ്ട് ആദ്യഘട്ടം മുതൽ തന്നെ സേവ് കോർക്ക് സിറ്റി രംഗത്തെത്തിയിരുന്നു. ഇന്നും ഈ എതിർപ്പ് അവർ തുടരുകയാണ്.

എന്നാൽ നിലവിലെ സ്ഥിതിഗതികൾ പരിഗണിച്ച് പദ്ധതിയുടെ നടത്തിപ്പ് വൈകിപ്പിക്കുന്ന നിയമനടപടികൾ പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുമരാമത്ത് സഹമന്ത്രി പാട്രിക് ഒ’ഡോനോവൻ.

150 മില്യൺ ഡോളറിന്റെ പദ്ധതിയാണ് കോർക്ക് നഗരത്തിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ളത്. എതിർക്കാൻ എല്ലാവർക്കും അവകാശമുണ്ട്, നിലവിലുള്ള ജുഡിഷ്യൽ പ്രക്രിയകളെ പൂർണമായും പിന്തുണയ്ക്കുന്നു. എങ്കിലും OPW-വും കോർക്ക് സിറ്റി കൗൺസിലും മുന്നോട്ടുവച്ച പദ്ധതികൾ നഗരത്തിന്റെ സംരക്ഷണത്തിനായി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോവർ ലീ പ്രളയ ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കുന്നത് തടയുന്നതിന് സമർപ്പിച്ച ജുഡീഷ്യൽ ആപ്ലിക്കേഷൻ പിൻവലിക്കണമെന്ന് വീണ്ടും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി പ്രകാരം മതിലുകൾ നിർമ്മിക്കുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നദിയിലേക്കുള്ള നീരൊഴുക്ക് പരിമിതപ്പെടുത്തും. അതിനാൽ നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഈ പദ്ധതി പരാജയപ്പെടുമെന്നും സേവ് കോർക്ക് സിറ്റി പറഞ്ഞു.

വെള്ളപ്പൊക്കം തടയുന്നതിനുള്ള OPW പദ്ധതിയുടെ ഭാഗമായി കോർക്ക് സിറ്റി കൗൺസിൽ നടപ്പിലാക്കുന്ന 6 മില്യൺ യൂറോയുടെ മോറിസൻ ഐലന്റ് പബ്ലിക് റിലം പ്രോജക്റ്റിന് എതിരെ സേവ് കോർക്ക് സിറ്റി 2019-ൽ നിയമപരമായ വെല്ലുവിളി ഉയർത്തി. ഇത് ഇന്നും തുടരുകയാണ്. കോടതി അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല.

ഇതിനെ തുടർന്ന് ബോർഡ് പ്ലീനാലയ്ക്ക് മുമ്പാകെ കൗൺസിലിൽ അപേക്ഷ സമർപ്പിക്കുകയും, കഴിഞ്ഞ ജൂണിൽ പദ്ധതിക്ക് ആസൂത്രണ അനുമതി ലഭിക്കുകയും ചെയ്തു. ബോർഡ് പ്ലീനാല തീരുമാനത്തിനെതിരെ ജുഡീഷ്യൽ അവലോകനത്തിനായി സേവ് കോർക്ക് സിറ്റി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഈ കേസിൽ നവംബർ മൂന്നിന് കോടതി വിധി പറയാനിരിക്കെയാണ് നഗരത്തിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടായത്.

ചൊവ്വാഴ്ച രാവിലെ കോർക്ക് സിറ്റി സെന്ററിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ലീ നദി കരകൾ തകർന്നു. നിരവധി സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. ചില സ്ഥലങ്ങളിൽ ഒരടി വരെ ഉയരത്തിൽ വെള്ളപ്പൊക്കമുണ്ടായി. നിരവധി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.

ചൊവ്വാഴ്ച പാർലമെൻറിൽ സംസാരിച്ച പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ബിസിനസുകൾക്കും വെള്ളപ്പൊക്കത്തിൽ തകർന്ന കുടുംബങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്തു. കോർക്ക് നഗരത്തിന് സംരക്ഷണം ഒരുക്കുന്ന ഈ ദീർഘകാല പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പൂർത്തിയായില്ലെങ്കിൽ വരും വർഷങ്ങളിലും കോർക്ക് സിറ്റി സെന്ററിൽ സമാനമായ വെള്ളപ്പൊക്കം ഉണ്ടാകും. ഇത് ഒഴിവാക്കാനും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ഈ പദ്ധതി അനിവാര്യമാണ്. എതിർപ്പുകൾ ചർച്ചകളിലൂടെ പരിഹരിച്ച് സർക്കാരിനൊപ്പം സേവ് കോർക്ക് സിറ്റി നിൽക്കണമെന്നും മന്ത്രി ഒ’ഡോവൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: