5ജി സാങ്കേതികവിദ്യ അവതരിപ്പിച്ച് ആപ്പിൾ; ആദ്യ 5ജി സ്മാർട് ഫോണുകളായ ഐഫോൺ 12 പതിപ്പുകൾ പുറത്തിറക്കി

ആപ്പിന്റെ 5ജി വിപ്ലവം വിപണിയിൽ. ആദ്യ 5ജി ഫോണുകൾ ആപ്പിളിന് സ്വന്തം.
ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് സ്മാർട് ഫോണുകളാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 12 പരമ്പരയിലുള്ളത്.

ഐഫോൺ 12ൽ 5ജി സാങ്കേതിക വിദ്യ വഴി സെക്കന്റിൽ 4ജിബിപിഎസ് ഡൗൺലോഡ് വേഗതയും 200എംബിപിഎസ് അപ് ലോഡ് വേഗതയും ആർജിക്കാനാവും.

ഐഫോൺ 12, ഐഫോൺ 12 മിനി ഫോണുകളിൽ ഡ്യുവൽ ക്യാമറ സംവിധാനമാണുള്ളത്. ഈ ഫോണുകൾക്ക് യഥാക്രമം 6.1 ഇഞ്ച്, 2340 x 1080 പിക്സൽ 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണുള്ളത്.

വലിപ്പത്തിൽ മാത്രമാണ് ഐഫോൺ 12 ഉം ഐഫോൺ 12 മിനിയും തമ്മിൽ വ്യത്യാസമുള്ളത്. ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോൺണാണ് ഐഫോൺ 12 മിനിയെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

കറുപ്പ്, വെളുപ്പ്, ചുവപ്പ്, പച്ച, നീല എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഐഫോൺ 12, ഐഫോൺ 12 മിനി പുറത്തിറങ്ങുക. ഫോണിന് നൽകിയിരിക്കുന്ന സെറാമിക് ഷീൽഡിലൂടെ ഫോണിനും അതിന്റെ ഡിസ്പ്ലേയ്ക്കും ശക്തമായ സംരക്ഷണം ഉറപ്പ് വരുത്തിയിരിക്കുന്നു.

ആപ്പിളിന്റെ അത്യാധുനികമായ പുതിയ എ14 ചിപ്പ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ജിപിയു, സിപിയു പ്രവർത്തനം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നുവെന്നും ഏറ്റവും വേഗമേറിയ സ്മാർട്ഫോൺ പ്രൊസസർ ആണിതെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ഡ്യുവൽ ക്യാമറ സംവിധാനമാണ് ഐഫോൺ 12 ലും ഐഫോൺ 12 മിനിയിലും ഉള്ളത്. ഇതിൽ 12 എംപി അൾട്രാ വൈഡ്, 12 എംപി വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഒപ്പം ഫ്ളാഷും നൽകിയിട്ടുണ്ട്.

കുറഞ്ഞ പ്രകാശത്തിലും ഫോട്ടോഗ്രാഫി മികച്ചതാക്കുന്നതിന് കംപ്യൂട്ടേഷണൽ ഫോട്ടോഗ്രഫി സാധ്യതകളും ഇതിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വാട്ടർ റെസിസ്റ്റന്റ്, ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനങ്ങൾ ഇതിലുണ്ട്.

ഐഫോൺ 12 പ്രോ വേരിയന്റ്

മനോഹരമായ സർജിക്കൽ-ഗ്രേഡ് സ്റ്റെയ്ൻലെസ് സ്റ്റീൽ ആണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ബാന്റും ബാക്ക് ഗ്ലാസും ഉൾപ്പെടുന്ന രൂപകൽപനയാണ് ഐഫോൺ 12 പ്രോയുടെ മറ്റൊരു പ്രത്യേകത.

എലഗന്റ് സിൽവർ, ഡീപ്പ് ഗ്രൈഫൈറ്റ്, സ്റ്റണ്ണിങ് ഗോൾഡ്, പസഫിക് ബ്ലൂ എന്നിങ്ങനെ നാല് വ്യത്യസ്ത കളറുകളാണ് ഐഫോൺ 12 പ്രോയ്ക്കുള്ളത്. സെറാമിക് ഷീൽഡ് സംരക്ഷണം ഈ പതിപ്പിലും ഉണ്ട്.

ഐഫോൺ 12 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലേയാണ്. അതേസമയം ഐഫോൺ 12 പ്രോ മാക്സിന് 6.5 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ ആണുള്ളത്. 2778 x 1284 പിക്സൽ റസലൂഷനുണ്ട് ഐഫോൺ 12 പ്രോയുടെ സൂപ്പർ റെറ്റിന എക്സ് ഡിആർ ഡിസ്പ്ലേയ്ക്ക്. 1200 നിറ്റ്സ് ഉയർന്ന ബ്രൈറ്റ്നെസും സ്ക്രീനിനുണ്ട്. എ 14 പ്രൊസസറിൽ 6 കോർ സിപിയുവും 4-കോർ ജിപിയുവും ഈ മോഡലുകൾക്ക് ശക്തിപകരുന്നു.

പ്രോ വേരിയന്റുകളിലെ ട്രിപ്പിൾ ക്യാമറ സംവീധാനമാണുള്ളത്. ഇത് ഫോട്ടോഗ്രഫിയെ അതിമനോഹരമാക്കും.
120 ഡിഗ്രി ആംഗിൾ 12 എംപി അൾട്രാ വൈഡ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 12 എംപി വൈഡ് ലെൻസ്, 52 എംഎം 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഐഫോൺ 12 പ്രോയുടെ ട്രിപ്പിൾ ക്യാമറയിലുള്ളത്.

അതേസമയം ഐഫോൺ 12 പ്രോ മാക്സിൽ 2.5 ഒപ്റ്റിക്കൽ സൂം, ഒഐഎസ്, എഫ്2.2 അപ്പേർച്ചർ എന്നിവയുള്ള 12 എംപി ടെലിഫോട്ടോ ലെൻസ്, എഫ് 1.6 അപ്പേർച്ചർ, മെച്ചപ്പെട്ട ഒഐഎസ് സംവിധാനങ്ങളുള്ള 12 എംപി വൈഡ് ലെൻസ്, 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു.

60 എഫ്പിഎസിൽ 4കെ റെക്കോർഡിങ്, ഡോൾബി വിഷൻ വീഡിയൊ റെക്കോർഡിങ്, എഡിറ്റിങ് സൗകര്യം, എന്നിവയും ഇതിലുണ്ട്. ലൈഡാർ സെൻസർ ഉപയോഗിച്ചുള്ള ഡെപ്ത് സാങ്കേതിക വിദ്യയും ക്യാമറയെ മികച്ചതാക്കുന്നു. ഫോക്കസിങ്ങ് ദൂരം കൃത്യമായി മനസിലാക്കാൻ ഇത് വഴി ക്യാമറയ്ക്ക് സാധിക്കും.

ഹോംപോഡ് മിനി

ഐഫോണിനെ കൂടാതെ പുതിയ ഹോംപോഡ് മിനി സ്മാർട് സ്പീക്കറും ആപ്പിൾ പുറത്തിറക്കി. അതിമനോഹരമായ രൂപകൽപനയിലാണ് ഈ ചെറിയ ഹോംപോഡ് മിനി സ്പീക്കർ തയ്യാറാക്കിയിരിക്കുന്നത്.

മികച്ച ശബ്ദം, ബുദ്ധിയേറിയ സ്മാർട് അസിസ്റ്റന്റ്, സ്മാർട് ഹോം തുടങ്ങിയവ ഹോംപോഡ് മിനി യാഥാർഥ്യമാക്കുന്നു. ഒപ്പം സ്വകാര്യതയും സുരക്ഷുയും കമ്പനി ഉറപ്പുനൽകുന്നുണ്ട്.

ആപ്പിൾ എസ്5 ചിപ്പിലാണ് ഇതിന്റെ പ്രവർത്തനം. ഇതിലെ കംപ്യൂട്ടേഷണൽ ഓഡിയോ സംവിധാനം സ്മാർട് ആയ ശബ്ദ ക്രമീകരണം സാധ്യമാക്കുന്നു.

ആപ്പിൾ മ്യൂസിക്, പോഡ്കാസ്റ്റ്, ഐ ഹാർട്ട് റേഡിയോ, റേഡിയോ.കോം, ട്യൂൺ ഇൻ തുടങ്ങിയ സേവനങ്ങൾ ഇതിൽ ആസ്വദിക്കാം. താമസിയാതെ പാൻഡോറ, ആമസോൺ മ്യൂസിക് സേവനങ്ങളും ഇതിൽ ലഭിക്കും.

ഐഫോൺ, കാർ പ്ലേ, ആപ്പിൾ വാച്ച് ഉൾപ്പടെ പരസ്പര ബന്ധിതമായ ഉപകരണങ്ങളിലെല്ലാം സന്ദേശം എത്തിക്കാൻ ഇതുപകരിക്കും.

Share this news

Leave a Reply

%d bloggers like this: