സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി പദ്ധയിൽ നാസക്ക് ഒപ്പം കേരളവും

ജലാശയങ്ങളുമായി ബന്ധപ്പെട്ട നൂതന ഗവേഷണ പദ്ധതിയാണ് സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി. (എസ്‌ഡബ്ല്യൂഒടി–-സ്വോട്ട്-) ഈ ഗവേഷണത്തിൽ പങ്കാളിയാകാൻ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ സെന്റർ ഫോർ വാട്ടർ റിസോഴ്‌സെസ്‌ ഡെവലപ്പ്‌മെന്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌ (സിഡബ്ല്യൂആർഡിഎം) തെരഞ്ഞെടുക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. 

പോസ്റ്റിന്റെ പൂർണ്ണ രൂപം

”നാസയും കനേഡിയൻ, യുകെ, ഫ്രഞ്ച് സ്പേയ്സ് ഏജൻസികളും ചേർന്ന് വികസിപ്പിക്കുന്ന സർഫസ് വാട്ടർ ഓഷ്യൻ ടോപോഗ്രഫി (SWOT) എന്ന അത്യാധുനിക ഗവേഷണ പദ്ധതിയിൽ പങ്കാളിയായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സി.ഡബ്ള്യു.ആർ.ഡി.എം  തെരഞ്ഞെടുക്കപ്പെട്ടു. ജലാശയങ്ങളിലെ ജലനിരപ്പ് കൃത്രിമോപഗ്രഹങ്ങളിലെ മൈക്രോവേവ് സെൻസറുകൾ ഉപയോഗിച്ച് റിമോട്ട് സെൻസിങ്ങിലൂടെ നിരീക്ഷണ-പഠനങ്ങൾക്ക് വിധേയമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തടാകങ്ങളിലെ ജലത്തിൻ്റെ അളവിൽ വരുന്ന വ്യതിയാനങ്ങൾ പഠിക്കുന്നതിനാവശ്യമായ സഹായങ്ങളാണ് സി.ഡബ്ള്യു.ആർ.ഡി.എം ഈ പ്രോജക്റ്റിനു നൽകുക. 

ഹൈഡ്രോളജി, ഓഷ്യാനോഗ്രഫി, കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ പുത്തൻ അറിവുകളും സാങ്കേതിക മുന്നേറ്റങ്ങളും സൃഷ്ടിക്കാൻ ഉതകുന്ന പദ്ധതിയായിരിക്കും സ്വോട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കരുതുന്നു. ലോകത്തിലെ തന്നെ അത്യുന്നത ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ  സി.ഡബ്ള്യു.ആർ.ഡി.എമ്മിനു അവസരം ലഭിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. ആ സ്ഥാപനം കൈവരിച്ച മികവിൻ്റെ അംഗീകാരം കൂടിയാണ് ഈ നേട്ടം. കേരളത്തിൻ്റെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരാൻ ഇതിലൂടെ സാധിക്കും. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു.”

Share this news

Leave a Reply

%d bloggers like this: