ഒ വി വിജയൻ പുരസ്കാരം പ്രഖ്യാപിച്ചു; ടി പത്മനാഭൻ, സുഭാഷ്‌ ചന്ദ്രൻ, ‌അമൽരാജ്‌ എന്നിവർക്ക് അവാർഡ്

ഒ വി വിജയൻ സ്‌മാരക സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാസമാഹാരത്തിന്‌ ടി പത്മനാഭൻ, നോവലിന്‌ സുഭാഷ്‌ ചന്ദ്രൻ, യുവ എഴുത്തുകാരുടെ കഥയ്‌ക്ക്‌ അമൽരാജ്‌ പാറേമൽ എന്നിവർക്കാണ് അവാർഡ്‌.

ഒ വി വിജയൻ സ്‌മാരക സമിതിയുടെ രണ്ടാമത്‌ പുരസ്‌കാരം  സമിതി  ചെയർമാൻ ടി കെ നാരായണദാസാണ്‌ പ്രഖ്യാപിച്ചത്‌. മരയ, എന്റെ മൂന്നാമത്തെ നോവൽ എന്നീ കഥാസമാഹാരങ്ങൾക്കാണ്‌ ടി പത്മനാഭൻ പുരസ്‌കാരത്തിന്‌ അർഹനായത്‌. സമുദ്രശില എന്ന നേവലിനാണ്‌ സുഭാഷ്‌ചന്ദ്രന്‌ പുരസ്‌കാരം. നാഗു സാഗുവ ഹാദിയലി എന്ന കഥയ്‌ക്കാണ്‌ അമൽരാജിന്‌ പുരസ്‌കാരം‌.

കഥാസമാഹാരം, നോവൽ എന്നിവയ്‌ക്ക്‌ 25,000 രൂപയും യുവകഥയ്‌ക്ക്‌ 10,000 രൂപയുമാണ്‌ ലഭിക്കുക. ഫലകം, പ്രശസ്‌തിപത്രം എന്നിവയും നൽകും. 2017, 2018, 2019 വർഷങ്ങളിൽ ഒന്നാം പതിപ്പായി ഇറങ്ങിയ കഥാസമാഹാരം, നോവൽ, പ്രസിദ്ധീകരിക്കാത്ത യുവകഥ എന്നിവയാണ്‌ അവാർഡിന്‌ പരിഗണിച്ചത്‌. ഡിസംബറിൽ ഒ വി വിജയൻ സ്‌മാരകത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ ടി കെ നാരായണദാസ്‌ പറഞ്ഞു.

ഒ വി വിജയൻ സ്‌മാരക സമിതി സെക്രട്ടറി ടി ആർ അജയൻ, സാഹിത്യകാരൻ ടി കെ ശങ്കരനാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: