അയർലണ്ടിലെ സൂപ്പർമാർക്കറ്റുകൾ നിങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നു.


ഒരു കാര്യത്തിൽ സൂപ്പർമാർക്കറ്റുകൾ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. അത് എന്തിനാണെന്ന് അറിയാമോ. നമ്മുടെ കയ്യിൽ നിന്നും ധാരാളം പണം ഏതൊക്കെ തരത്തിൽ ചെലവഴിപ്പിക്കാം എന്ന കാര്യത്തിൽ പദ്ധതികൾ തയ്യാറാക്കാനും അതിലേക്ക് നമ്മളെ ആകർഷിച്ചു വീഴ്ത്താനും.
1950 കൾ മുതൽ സൂപ്പർമാർക്കറ്റുകൾ ഈ രാജ്യത്ത് പ്രവർത്തിച്ചുവരുന്നുണ്ട്.

നിങ്ങൾ നിങ്ങളുടെ കാർ സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ കൊണ്ടു നിർത്തുന്നത് മുതൽ കാർ നിറയെ സാധനങ്ങളുമായി അവിടെ നിന്ന് പോകുന്നത് വരെയും പല സൂത്രവിദ്യകൾ സമർത്ഥമായി ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ടതിലധികം സാധനങ്ങൾ വാങ്ങിപ്പിക്കുക എന്നതാണു സൂപ്പർ മാർക്കറ്റുകളുടെ ലക്ഷ്യം.

സൂപ്പർമാർക്കറ്റുകൾ നിങ്ങളുടെ കീശകാലിയാക്കുന്ന 10 രീതികൾ എന്തൊക്കെയെന്ന് നോക്കാം.

ഇന്ന് നഗരങ്ങളിൽ, പാർക്കിംഗ് സ്പേസുകൾക്ക് പണം കൊടുത്താൽ മാത്രമേ വണ്ടി പാർക്ക് ചെയ്യാൻ പറ്റുകയുള്ളൂ. ഈയൊരു അവസരത്തിലാണ് സൂപ്പർ മാർക്കറ്റുകൾ നിങ്ങളുടെ വാഹനത്തിന് സൗജന്യവും സുരക്ഷിതവുമായ ആയ പാർക്കിംഗ് ഒരുക്കിത്തരുന്നത്. നിങ്ങളെ സന്തോഷിപ്പിക്കാൻ ഇതിലും വലിയ ഒരു മാർഗ്ഗം വേറെയുണ്ടോ. അവർക്ക് നന്നായിട്ടറിയാം സാധനങ്ങൾ വാങ്ങുന്നതിനു മുമ്പ് ഉപഭോക്താവിന്റെ മനസ്സിനെ ശാന്തമാക്കേണ്ടതുണ്ടെന്ന്. എങ്കിലല്ലേ ഉപഭോക്താവ് കൂടുതൽ കൂടുതൽ സാധനങ്ങൾ വാങ്ങുകയുള്ളൂ.
ഒരിക്കൽ അകത്തോട്ട് കേറിയാൽ പിന്നെ പുറത്തിറങ്ങാൻ പറ്റാത്ത ചക്രവ്യൂഹങ്ങൾ പോലെയാണു ചില സൂപ്പർ മാർക്കറ്റുകൾ രൂപകല്പ്പന ചെയ്തിരിക്കുന്നത്. അകത്തോട്ട് കയറാൻ എളുപ്പമാണ്. ഷോപ്പർ ഒരു വാതിലിലൂടെ അകത്തോട്ട് നയിക്കപ്പെടും. ആ വാതിൽ അകത്തോട്ട് മാത്രമേ തുറക്കൂ. അതായത് ഷോപ്പർ അകത്തു കയറിയാൽ പിന്നെ ആ ഡോർ വഴി തിരിച്ചു വരുക അസാദ്ധ്യം.
ഷോപ്പർ അകത്ത് കയറുകയും എന്നാൽ ഒന്നും മേടിക്കണ്ട എന്ന് തോന്നുകയും ചെയ്താൽ ഷോപ്പറിനു തിരിച്ച് ഇറങ്ങാൻ വലിയ വിഷമമാണു.
പുറത്തോട്ടുള്ള ഒരേയൊരു വഴി ക്യാഷ് കൗണ്ടറിനു മുന്നിലൂടെയാണു. എന്നാൽ ഉപയോഗത്തിലില്ലാത്ത എല്ലാ ചെക്ക് ഔട്ട് ലെയ്നുകളും തടയപ്പെട്ടുകിടക്കും.

അങ്ങനെ വരുന്ന ഘട്ടത്തിൽ ഷോപ്പർ എന്തു ചെയ്യും?
ഒന്നുകിൽ ചെക്ക് ഔട്ട് ബാരിയർ ചാടിക്കടക്കും അല്ലെങ്കിൽ ക്യൂവിൽ നിൽക്കുന്ന ആളുകളുടെ ഇടയിലൂടെ ഉന്തിത്തള്ളി നീങ്ങും. ഇന്ന് സാമൂഹിക അകലം പാലിക്കേണ്ട കാലത്ത്, ഇത് അപ്രായോഗികം തന്നെ. പിന്നെ ചെയ്യാവുന്ന ഏക പോംവഴി, ആവശ്യമില്ലെങ്കിലും എന്തെങ്കിലും ഒക്കെ സാധനങ്ങൾ മേടിച്ച് ക്യൂവിൽ തുടരുക എന്നതുതന്നെ.
അങ്ങനെ വരുമ്പോൾ സൂപ്പർമാർക്കറ്റുകാരുടെ ഉദ്ദേശ്യം ഫലിച്ചു.

പർച്ചേസിനു നിങ്ങൾ സൂപ്പർമാർകറ്റിലേക്ക് ട്രോളിയുമായി കയറിക്കഴിഞ്ഞാൽ ആദ്യം തന്നെ നിങ്ങളെ ആകർഷിക്കാൻ ഒരുക്കിയിരിക്കുന്ന ഉല്പന്നങ്ങൾ പൂക്കളും ഫലങ്ങളും ബ്രഡ്ഡുകളുമായിരിക്കും. നല്ല വർണങ്ങളുള്ള , തിളക്കമാർന്ന ഫ്രഷ് പൂക്കളും ഫലങ്ങളും. ഇവയുടെ സുഗന്ധം നിങ്ങളുടെ മൂഡ് ഉണർത്തും. നല്ല മൂഡ് സൃഷ്ടിക്കപ്പെട്ടാലേ ഷോപ്പർമാർ കൂടുതൽ പർച്ചേസ് നടത്തുകയുള്ളൂ എന്ന് സൂപ്പർ മാർകറ്റ്കാർക്ക് അറിയാം. കൊതിയൂറുന്ന മണമുള്ള ബ്രഡ്ഡുകളും പാക്കറ്റഡ് ഭക്ഷണവും നിങ്ങളിൽ വിശപ്പുണ്ടാക്കും.വിശപ്പുണ്ടാകുമ്പോൾ കൂടുതൽ പണം ചെലവഴിക്കാൻ നിങ്ങൾ തയ്യാറാകും. കൊതിയൂറുന്ന നറുമണം കൃത്രിമമായും ഉണ്ടാക്കാറുണ്ട് . സ്വാഭാവികമായും നല്ല വിലയുള്ള ബ്രഡ്ഡും, പേക്കറ്റഡ് ആഹാരവും നിങ്ങൾ ട്രോളിയിലേക്കിടും. ആദ്യം തന്നെ നല്ല വിലയുള്ള ആരോഗ്യകരമായ ഭക്ഷണം നിങ്ങൾ പർച്ചേസ് ചെയ്താൽ തുടർന്നും ആരോഗ്യകരവും വിലപിടിപ്പുമുള്ള ഭക്ഷണമേ നിങ്ങൾ പർച്ചേസ് ചെയ്യൂ.
ഇപ്പോഴത്തെ ട്രോളികൾ മുമ്പത്തേതിൽ നിന്നും ഇരട്ടിവലിപ്പമുള്ളവയാണു. വലിയ ട്രോളികൾ എന്നാൽ കൂടുതൽ പർച്ചേസ് എന്നർത്ഥം.
ഇന്നത്തെ സുപ്പർമാർക്കറ്റുകളുടെ തറ ശ്രദ്ധിച്ചിട്ടുണ്ടോ? മുമ്പ് ഉണ്ടായിരുന്ന കയറ്റിറക്കങ്ങൾ ഇന്നില്ല. മൊത്തം ഒരേ നിരപ്പാണു മാത്രമല്ല നല്ല മിനുസമുള്ള തറയുമാണു. കയറ്റിറക്കങ്ങൾ ഇല്ലാത്ത മിനുസമുള്ള തറയിലൂടെ ട്രോളിയുന്താൻ വളരെ സുഖമാണു. ഇത് ഷോപ്പറുടെ പർച്ചേസ് പ്രക്രിയ വേഗത്തിലുള്ളതാക്കും.
ഇന്ന് പല സൂപ്പർമാർകറ്റുകൾക്കും ജനാലകളില്ല. ഇത് മറ്റൊരു തന്ത്രമാണ് . ജനാലകൾ യഥാർത്ഥത്തിൽ പുറം ലോകവുമായുളള നിങ്ങളുടെ ബന്ധമുറപ്പാക്കുന്ന സംവിധാനമാണു. ജനാലകൾ ഇല്ലെങ്കിൽ നിങ്ങളുടെ ശ്രദ്ധ മുഴുവനായും മാർകറ്റിനുള്ളിൽ തന്നെ നിൽക്കും. ഇപ്പോഴത്തെ കെട്ടിടങ്ങളുടെ നിർമ്മാണം പണ്ടത്തെ പോലെ ചെലവേറിയതല്ല. മനോഹരമായ ഇന്റീരിയർ ഇല്ല .ജനാലകളില്ല.
ഷോപ്പർമാരെ ആകർഷിക്കാൻ റീടെയിലർമാർ A/C സിസ്റ്റത്തിലൂടെ ഫ്രഷായി ബേക്ക് ചെയ്യുന്ന ബ്രഡ്ഡിന്റെ മണം കയറ്റിവിടാറുണ്ട്. ചിലപ്പോൾ യഥാർത്ഥ ഗന്ധം ചിലപ്പോൾ കൃത്രിമം. ഇത് കൂടാതെ വേറെയും മാറ്റങ്ങൾ ഈ മേഖലയിൽ സംഭവിക്കുന്നുണ്ട്. നിങ്ങൾ ഒരു ഉല്പന്നം തുറന്ന് നോക്കുമ്പോൾ അതിൽ നിന്നും അത്യാകർഷകമായ സുഗന്ധം വരാറില്ലേ? അത് പലപ്പോഴും ലാബിൽ വികസിപ്പിച്ചെടുത്ത കൃത്രിമ സുഗന്ധമാണു. ഉദാഹരണത്തിന്, നിങ്ങൾ ഒരു സാധാരണ ഇൻസ്റ്റന്റ് കോഫിയുടെ ജാർ തുറക്കുമ്പോൾ വരുന്നത് വളരെ വിലപിടിച്ച കാപ്പിയുടെ നറുമണമയിരിക്കും.ഇവിടെയും നിങ്ങൾ വഞ്ചിക്കപ്പെടുകയാണു.
അവശ്യഭക്ഷ്യവസ്തുക്കൾ എല്ലാം കൂടി ഒരിടത്ത് വച്ചാൽ ഷോപ്പർക്ക് അവ മേടിക്കുവാൻ എളുപ്പമാണല്ലേ? ശരിയാണു. എന്നാൽ ഇന്നത്തെ സൂപ്പർമാർകറ്റുകളിൽ മാംസം ഒരിടത്ത്, പാലും അനുബന്ധ ഉല്പന്നങ്ങളും വേറെയിടത്ത്, പച്ചക്കറികൾ മറ്റൊരു മൂലയ്ക്ക് ..ഇങ്ങനെയായിരിക്കും വച്ചിരിക്കുക. എല്ലാം ഒരുമിച്ച് വച്ചാൽ ഷോപ്പർടെ ഷോപ്പിങ് വേഗം തീർന്നാലോ. അപ്പോൾ പിന്നെ അയാൾക്ക് അത്രയ്ക്കൊന്നും അവശ്യമില്ലാത്ത ഉല്പന്നങ്ങൾ എങ്ങനെ അയാളെക്കൊണ്ട് എടുപ്പിക്കും. ഇതിപ്പോൾ അവശ്യഭക്ഷ്യോല്പന്നങ്ങൾ പലെടങ്ങളിൽ വയ്ക്കുമ്പോൾ അവയ്ക്കിടയിലുള്ള സ്ഥലത്ത് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളിലേക്കും അയാളുടെ ശ്രദ്ധയാകർഷിക്കാമല്ലോ.

സൂപ്പർ മാർക്കറ്റുകളുടെ ലേ ഔട്ട് ഇടയ്ക്കിടെ മാറ്റുന്നത് യാദൃച്ഛികമായ സംഭവമല്ല. അത് മന:പൂർവമാണു. എന്നാലെ ഷോപ്പർ തിരയുന്ന ഉല്പന്നം അന്വേഷിച്ചു അയാളെ അന്തമില്ലാത്ത ഇടനാഴികളിലൂടെ ചുറ്റിക്കാൻ കഴിയൂ. അങ്ങനെ അയാളെ നടത്തിയാലെ അയാൾക്ക് അത്യാവശ്യമല്ലാത്ത മറ്റ് ഉല്പന്നങ്ങളിലെക്ക് അയാളെ മോഹിപ്പിച്ച് അവ വാങ്ങിപ്പിക്കാൻ സാധിക്കുകയുള്ളൂ.

സൂപ്പർമാർകറ്റുകളിലെ ‘ Cash’ വിഭാഗത്തിലേക്ക് നിങ്ങളെ നയിക്കുന്ന ഇടനാഴി ഇടുങ്ങിയതും തിരിയാനും മറിയാനും സ്പേസില്ലാത്തതുമാണു. എന്തുകൊണ്ടാണത് ആ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നത്?. ട്രോളിയിൽ നിങ്ങൾ ഇട്ട ഉലപന്നം നിങ്ങൾക്ക് പിന്നീട് വേണ്ട എന്ന് തോന്നിയാൽ അത് തിരിച്ച് വയ്ക്കുന്നത് റീടെയിലർക്ക് ഇഷ്ടമല്ല. അത് തിരിച്ചു വയ്ക്കാനുള്ള പ്രതിബന്ധങ്ങളാണു റീടെയിലർ സൃഷ്ടിക്കുന്നത്. ഇടനാഴിക്ക് വീതിയുണ്ടെങ്കിൽ നിങ്ങൾക്ക് തിരിച്ച് പോയി ഉല്പന്നം യഥാസ്ഥാനത്ത് വയ്ക്കാൻ കഴിയും. ഇതിപ്പോൾ ഇടനാഴി വളരെ ഇടുങ്ങിയതാകുമ്പോൾ നിങ്ങൾ ക്യൂവിൽ പിന്നിൽ നിൽക്കുന്നവരുടെ വശത്തൂടെ തിരിഞ്ഞു പോകാൻ മടിക്കും .അപ്പോൾ ഉല്പന്നം നിങ്ങൾക്ക് വേണ്ടെങ്കിലും മേടിക്കും. ഇത് മാത്രമല്ല. ഇടനാഴിക്ക് ഇരുവശത്തും ബിന്നുകളൊന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല. ബിന്നുകൾ വച്ചാൽ ഒരു സാധനം നിങ്ങൾക്ക് വേണ്ടെന്ന് തോന്നിയാൽ അതിലിടുമല്ലോ. ഇതിപ്പോൾ അങ്ങനെ ചെയ്യാൻ സാധിക്കില്ല.
അങ്ങനെ ഉപഭോക്താവിനെ ചൂഷണം ചെയ്യാൻ എന്തെല്ലാം മാർഗങ്ങൾ.

Share this news

Leave a Reply

%d bloggers like this: