ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ രാജ്യ ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലായെന്ന് റിസർബാങ്ക് സ്ഥിരീകരണം

ഇന്ത്യൻ സമ്പദ്‌ഘടന മാന്ദ്യത്തിലാണെന്ന്‌ റിസർവ് ബാങ്ക്‌. രാജ്യചരിത്രത്തിൽ ആദ്യമായാണ്‌ മാന്ദ്യത്തിൽ പ്രവേശിച്ചതെന്ന്‌ ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു‌. പണനയത്തിന്റെ ചുമതലയുള്ള റിസർവ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ റിപ്പോർട്ടിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌‌. സമ്പദ്‌ഘടനയുടെ എല്ലാ മേഖലയും പരിശോധിച്ചാണ്‌ വിലയിരുത്തൽ. ഇതേക്കുറിച്ചുള്ള‌ കേന്ദ്രസർക്കാർ നിഗമനം 27ന്‌ പ്രസിദ്ധീകരിക്കും.

ജിഡിപി 8.6 ശതമാനം ഇടിഞ്ഞു.
ജൂലൈ–സെപ്‌തംബർ കാലയളവിൽ മൊത്തം ആഭ്യന്തരോൽപ്പാദനം 8.6 ശതമാനം ചുരുങ്ങി. ഏപ്രിൽ–ജൂൺ പാദത്തിൽ 24 ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ട്‌ പാദത്തിൽ ജിഡിപിയിൽ ഇടിവുണ്ടാകുമ്പോഴാണ്‌ മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

നടപ്പ്‌ സാമ്പത്തികവർഷത്തിന്റെ ഒന്നാം പകുതിയിൽ രാജ്യം ആദ്യമായി മാന്ദ്യത്തിൽ പ്രവേശിച്ചു. കുടുംബങ്ങളിലും കോർപറേറ്റ്‌ മേഖലയിലും നിലനിൽക്കുന്ന സാമ്പത്തികപ്രതിസന്ധി ലഘൂകരിച്ചില്ലെങ്കിൽ ധനമേഖലയും കുഴപ്പത്തിലാകുമെന്ന്‌ റിപ്പോർട്ട്‌ മുന്നറിയിപ്പ്‌ നൽകി.

കോടിക്കണക്കിനു പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. സംരംഭകർക്ക്‌ ഭയം.
കോടിക്കണക്കിനു പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടത്‌ ഉപഭോഗമേഖലയെ കാര്യമായി ബാധിച്ചു. ജനങ്ങൾ പണം ചെലവിടാൻ മടിക്കുന്നു. കൂടുതൽ പ്രതിസന്ധി ഉണ്ടായാൽ നേരിടാനായി പണം കരുതിവയ്‌ക്കുകയാണ്‌. ജിഡിപിയിൽ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെ പങ്ക്‌ ഏപ്രിൽ–-ജൂൺ കാലത്ത്‌ 21.4 ശതമാനമായി വർധിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 7.9 ശതമാനമായിരുന്നു. 

Share this news

Leave a Reply

%d bloggers like this: