ആൻഡ്രിയയുടെ ഓർമ പവർഫുള്ളാണ്; ഇന്ത്യൻ ബുക്ക്സ് റെക്കോർഡ്സിന്റെ അനുമോദനം

ഓർമശക്തിയിൽ വിസ്‌മയമാകുകയാണ്‌ ആൻഡ്രിയ എന്ന കൊച്ചുകുട്ടി. വിവിധ വിഭാഗത്തിൽപ്പെട്ട 50 വസ്തുക്കളെ തിരിച്ചറിഞ്ഞ് പറയാനുള്ള കഴിവ് പരിഗണിച്ച്‌ ഇന്ത്യൻ ബുക്ക്സ് റെക്കോർഡ്സിന്റെ അഭിനന്ദനം ആൻഡ്രിയയെ തേടിയെത്തി. മിക്ക വാക്കുകളും എന്തെന്ന് തിരിച്ചറിവായിട്ടില്ല, ഒരു വയസ്സും പത്ത് മാസവുമായ ഈ കൊച്ചുമിടുക്കിക്ക്‌.

ഇംഗ്ലീഷ് അക്ഷരങ്ങൾ ക്രമത്തിൽ തിരിച്ചറിയും. ഒന്നുമുതൽ 20 വരെ എണ്ണും. എട്ട് ഗ്രഹങ്ങളുടെ പേരുകൾ, ഇംഗ്ലീഷ്‌ കലണ്ടറിലെ ദിവസങ്ങളും മാസങ്ങളും, 12 നിറങ്ങൾ, 10 ആകൃതികൾ, 10 പ്രശസ്‌തരുടെ പേരുകൾ, ശരീരത്തിന്റെ 10 ഭാഗങ്ങൾ, 34 മൃഗങ്ങളുടെ പേര്‌, 16 വാഹനങ്ങൾ, 12 പച്ചക്കറികൾ, 13 ഫലങ്ങൾ എന്നിവ തെറ്റാതെ പറയും.

ജെല്ലിപ്പാറ വട്ടപ്പള്ളിയിൽ വീട്ടിലെ ടിജോ–-മോണിക്ക ദമ്പതികളുടെ മകളാണ് ആൻഡ്രിയ. ടിജോ കോയമ്പത്തൂരിൽ സ്വകാര്യ തേയിലക്കമ്പനിയിൽ അക്കൗണ്ടന്റാണ്‌. ജോലിസൗകര്യം കണക്കിലെടുത്ത് അട്ടപ്പാടിയിൽനിന്ന് കോയമ്പത്തൂരിലേക്ക് താമസം മാറി. മകൾക്ക്‌ ആറുമാസമായപ്പോൾ തന്നെ ചിത്രങ്ങളുള്ള ബുക്കുകളിലെ വസ്തുക്കൾ കുട്ടി വളരെ വേഗത്തിൽ മനസ്സിലാക്കി പറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ കൂടുതൽ പ്രോത്സാഹനം നൽകി.

ഓൺലൈനിലൂടെയാണ് ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ്സിലേക്ക് അപേക്ഷ നൽകിയത്. അയച്ച വീഡിയോ പരിശോധിച്ച ശേഷമാണ് ആൻഡ്രിയക്ക്‌ അഭിനന്ദന പത്രവും മെഡലും അയച്ചുകൊടുത്തത്.

Share this news

Leave a Reply

%d bloggers like this: