അയർലണ്ടിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ Geothermal എനെർജിക്കു കഴിയുമോ?


ലോകമെമ്പാടും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ഊര്‍ജ പ്രതിസന്ധി .ഭൂഗര്‍ഭ താപോര്‍ജം(Geothermal Energy) വേണ്ടരീതിയില്‍ കണ്ടെടുത്ത് ഉപയോഗിക്കാന്‍, കഴിഞ്ഞാല്‍ അയര്‍ലണ്ടിന്റെ ഭാവി ഊര്‍ജം ഭൗമ താപോര്‍ജമായിരിക്കും. അയര്‍ലണ്ടിന്‍റെ ഗാര്‍ഹിക –വാണിജ്യ -ഭരണപരമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇത് മതിയാകുമെന്ന് സർക്കാർ നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു.

നിലവിലെല്ലാരും കരുതിയിരിക്കുന്നത് പോലെ ലോകത്തിലെ അഗ്നിപര്‍വത പ്രദേശങ്ങളില്‍ മാത്രമല്ല ഭൗമ താപോര്‍ജം നിലനില്‍ക്കുന്നത്. ഭൂഗര്‍ഭത്തില്‍ നിന്നും സമുദ്രാന്തര്‍ഭാഗത്തുനിന്നും ഭൗമതാപം നിർഗമിക്കുമെന്നാണ് അയര്‍ലണ്ട് സര്‍ക്കാരിന്റെ പരിസ്ഥിതിമന്ത്രാലയവും (DECC) ഭൗമ ശാസ്ത്ര സര്‍വേ വകുപ്പും (GSI) ചേര്‍ന്ന് നടത്തിയ പഠനത്തില്‍ തെളിഞ്ഞത് .

നീരാവിയുടെ രൂപത്തിലുള്ള ഭൗമ താപം ഭൗമോപരിതലത്തിലേക്ക് കൊണ്ടുവന്ന് അത് കൊണ്ട് ചൂടാക്കാനും തണുപ്പിക്കാനുമുള്ള ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ക്ലീന്‍ എനര്‍ജി ഉല്‍പാദിപ്പിക്കാനും ഭൗമതാപം പ്രയോജനപ്പെടുത്തുന്നുണ്ട്. ഭൗമതാപം തികച്ചും സുരക്ഷിതവും പരിസ്ഥിതിസൗഹാര്‍ദപരവും പുനരുത്പാദനം നടത്താൻ കഴിയുന്നതുമായ ഊര്‍ജമാണ്.
ഭൗമതാപമുപയോഗിച്ച് അയര്‍ലണ്ടിലെ കെട്ടിടങ്ങള്‍ക്ക് താപം പകരാന്‍ കഴിയും, അതേസമയം രാജ്യത്തിന്റെ മൂന്നില്‍ ഒന്ന്‍ ഊര്‍ജോപഭോഗം നടത്തുന്ന താപമേഖലയെ കാര്‍ബണ്‍ മുക്തമാക്കാനും (Decarbonise) സാധിക്കും.
വീടുകൾക്കും വാണിജ്യ ഭൗമതാപ സംവിധാനങ്ങൾക്കും , നഗരപ്രദേശങ്ങളിലെ വ്യാവസായിക- മുനിസിപ്പൽ കെട്ടിടങ്ങൾക്കും താപം പകരാനും തണുപ്പിക്കാനും ജിയോതെർമൽ ഡിസ്ട്രിക്റ്റിന്റെ താപ ശൃംഖലകൾ ഉപയോഗിക്കാം.
അയർലണ്ടിൻറെ മികച്ച താപ സ്രോതസ്സുകൾ കിഴക്കൻ തീരത്തിനടുത്തും തെക്കൻ തീരങ്ങളിലും പടിഞ്ഞാറൻ കടൽത്തീരത്തും ആയിരിക്കാനിടയുണ്ട്. എന്നാല്‍ വടക്കൻ അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശത്തും അതിശക്തമായ ഭൗമതാപ സ്രോതസ്സുകള്‍ക്കും വളരെയധികം സാധ്യതയുണ്ട്.

അയർലണ്ടിലെ താപമേഖലയെ കാര്‍ബണ്‍മുക്തമാക്കാന്‍ സഹായിക്കുന്ന ഭൗമതാപോർജ്ജത്തെ സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍ തികച്ചും സന്തോഷകരമാണെന്ന് ഭൗമശാസ്ത്ര സമ്മേളനത്തിൽ (2020) സംസാരിച്ച പരിസ്ഥിതി മന്ത്രി Eamon Ryan പറഞ്ഞു.ഈ വിഷയത്തില്‍ മറ്റ് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് അയർലണ്ടിന് പഠിക്കാനേറെയുണ്ട് , കൂടാതെ GSI യിൽ നിന്നും അവരുടെ പങ്കാളികളിൽ നിന്നുമുള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ച് കാറ്റ്, സൗരോർജ്ജം പോലുള്ള പുനരുൽപ്പാദിപ്പിക്കാവുന്ന മറ്റ് ഊർജ സ്രോതസ്സുകളും ( Renewable) വികസിപ്പിക്കണമെന്ന് Eamon Ryan കൂട്ടി ചേർത്തു.
വരും വർഷങ്ങളിൽ ഊർജ സ്രോതസ്സുകളുടെ ഗവേഷണങ്ങൾക്കും വികസനത്തിനും കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി ഒരു കൺസൾട്ടേഷൻ ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം

ഇ- മെയിൽ: geothermal@decc.gov.ie

Share this news

Leave a Reply

%d bloggers like this: