Friday,22 January 2021 - ഇന്നത്തെ വാർത്തകൾ

ലെവൽ 5 കോവിഡ്-19 നിയന്ത്രണങ്ങൾ ലംഘിച്ച് കുര്‍ബ്ബാന: കാവനിലെ ക്രൈസ്തവ പുരോഹിതനെതിരെ കേസ്

Updated on 21-11-2020 at 10:25 am

Share this news

ലെവല്‍ അഞ്ച് നിയന്ത്രണങ്ങൾ നിലനിൽക്കെ കുര്‍ബ്ബാനയും പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തിയ ക്രൈസ്തവ പുരോഹിതനെതിരെ അയർലണ്ടിൽ കേസ്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഗാർഡ അറിയിച്ചു. എന്നിട്ടും കാവനിലെ മുല്ലഹോറനിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയിലെ ഇടവക വികാരിയായ പി.ജെ. ഹ്യൂസ് പ്രാർത്ഥന ചടങ്ങുകൾ നടത്തുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചു.

ദൈവം നമ്മളെ സഹായിക്കും എന്നതിനെ ഉയർത്തിക്കാട്ടിയാണ് ഈ വൈദികന്റെ പ്രവർത്തികൾ. പകർച്ച വ്യാധിയെ തുടർന്നുള്ള ലെവല്‍ 5 നിയന്ത്രണങ്ങള്‍ക്കിടയിലും പ്രാർഥന ചടങ്ങുകൾ തുടരാന്‍ കരുത്ത് നല്‍കുന്നതും ഈ വിശ്വാസമാണെന്നും ദൈവം ചെയ്യുന്നതിനേക്കാള്‍ കൂടുതലൊന്നും ഒരു ശാസ്ത്രജ്ഞനും തന്നോട് പറയാനോ ചെയ്യാനോ ആകില്ലെന്നും പുരോഹിതന്‍ പറയുന്നു.

കോവിഡ് -19 നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗാര്‍ഡ നല്‍കിയ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഞായറാഴ്ചയും 50 ഓളം പേരെ പങ്കെടുപ്പിച്ച് പള്ളിയില്‍ പ്രാര്‍ഥനാ കര്‍മ്മങ്ങള്‍ നടത്തി. ഈ വിവരമറിഞ്ഞ് കുര്‍ബ്ബാനയ്ക്ക് അഞ്ച് മിനിറ്റ് മുമ്പ് ഗാര്‍ഡ വിളിച്ചതായി ഫാ.ഹ്യൂസ് പറഞ്ഞു.

കോവിഡ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും പള്ളിയില്‍ ഒത്തുകൂടിയവരോട് വീട്ടിലേക്ക് പോകാന്‍ പറയണമെന്നും ഗാര്‍ഡ ആവശ്യപ്പെട്ടു. ആളുകളുടെ വിശ്വാസത്തിന് വലിയ അപമാനമാകുമെന്ന് കരുതുന്നതിനാല്‍ വീട്ടിലേക്ക് പോകാന്‍ പള്ളിയിലെത്തിയവരോട് പറയില്ലെന്ന് ഗാര്‍ഡയോട് വൈദികന്‍ വ്യക്തമാക്കി. ഒരു മണിക്കൂര്‍ മുമ്പായി പറഞ്ഞിരുന്നെങ്കില്‍ മാറി ചിന്തിക്കുമായിരുന്നുവെന്നും ഫാ.ഹ്യൂസ് പറഞ്ഞു

കേസെടുക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്കായി ഫയല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കുറ്റം തെളിഞ്ഞാല്‍ 2,500യൂറോ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷ ലഭിക്കുമെന്നും ഗാര്‍ഡ അറിയിച്ചു. എന്നാൽ അത് സാരമില്ലെന്നും കത്തോലിക്കാ പുരോഹിതനെന്ന നിലയില്‍ തന്റെ കടമ നിറവേറ്റുകയാണ് ചെയ്യുന്നതെന്നും ഫാ.ഹ്യൂസ് പറയുന്നു.

അഞ്ചാം ലെവല്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് മതപരമായ സേവനങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ ഇതിനെ ഫാ. ഹ്യൂസ് അംഗീകരിക്കുന്നില്ല. പുരോഹിതര്‍ക്ക് അവരുടെ മതം ആചരിക്കാനുള്ള അവകാശമാണ് പ്രധാനം. അതിനാല്‍ നിയമം ലംഘിച്ചതായി കരുതുന്നില്ല. പുരോഹിതനെന്ന നിലയില്‍ സര്‍ക്കാരിനെയല്ല, സഭയെയും ജനങ്ങളെയുമാണ് താന്‍ സേവിക്കേണ്ടത്. അതാണ് തന്റെ കടമയെന്നും ഹ്യുസ് പറയുന്നു.

സ്‌നാപനപ്പെടുത്തൽ, തിരുക്കര്‍മ്മങ്ങള്‍ തുടങ്ങിയവ അനുഷ്ഠിക്കരുതെന്നാണ് സർക്കാർ പറയുന്നത്. ഇത് അവിശ്വാസപരമാണ്. നമ്മള്‍ കമ്മ്യൂണിസ്റ്റ് രാജ്യത്താണോ ജീവിക്കുന്നത്. വൈറസിനോടൊപ്പം നമുക്കും ജീവിച്ചേ പറ്റൂ. സര്‍വ്വതിനും അധിപനായ ദൈവത്തിന് നമ്മെ സഹായിക്കാന്‍ കഴിയും. ദൈവം ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവാണ്. ദൈവം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഒന്നും തന്നെ ചെയ്യാന്‍ ഒരു ശാസ്ത്രജ്ഞനും കഴിയില്ലെന്നും ഫാ. ഹ്യൂസ് പറഞ്ഞു.

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നത് തടയാന്‍ വിശ്വാസത്തിന് കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ അത് തെറ്റാണ്. കാരണം ദൈവം ആളുകളെ സുഖപ്പെടുത്തി, അവന്‍ മരിച്ചവരെ ഉയിര്‍പ്പിച്ചു. കുര്‍ബ്ബാന തുടരാനാണ് തന്റെ തീരുമാനം. അത് ഏത് സമയത്താണ് എന്ന് പരസ്യപ്പെടുത്തുകയില്ല. തനിച്ച് താമസിക്കുന്ന ആളുകളോട് സര്‍ക്കാരിന് യാതൊരു പരിഗണനയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇടവകക്കാരുടെ 100% പിന്തുണയും തനിക്കുണ്ട്. ഒരു വിശ്വാസി പോലും പ്രാര്‍ഥന നിര്‍ത്തണമെന്ന് പറഞ്ഞിട്ടില്ല. ദൈവത്തെ ആരാധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അത് തെറ്റാണെന്ന് പറയുന്ന നിയമമാണ് നിലവിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

വൈദികന്റെ വാദഗതികള്‍ ഞെട്ടൽ ഉണ്ടാക്കിയെന്ന് പബ്ലിക് ഹെല്‍ത്ത് ഫിസിഷ്യന്‍ ഡോ. ഗബ്രിയേല്‍ സ്‌കാലി പറഞ്ഞു. ആരുടെയും വിശ്വാസത്തെ തടയുന്നില്ല. എല്ലാവര്‍ക്കും അവരവരുടെ നിലയില്‍ ദൈവത്തോട് പ്രാര്‍ഥിക്കാം. പകര്‍ച്ചവ്യാധിയുടെ സമയത്ത് ആളുകള്‍, പ്രത്യേകിച്ച് പ്രായമായവരും ദുര്‍ബലരായവരും ഒത്തുചേരുന്നത് തെറ്റാണ്. സമൂഹത്തിൽ രൂക്ഷമായ രോഗവ്യാപനത്തിന് ഇത് കാരണമാകുമെന്നത് കൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്നും സ്‌കാലി വ്യക്തമാക്കി. വൈറസിന് ജാതി-മത ഭേദമൊന്നുമില്ലെന്നും അത് ആരിലേക്കും പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ കാലത്ത് നിരാശയില്‍ക്കഴിഞ്ഞ നൂറുകണക്കിനാളുകള്‍ക്ക് പ്രത്യാശ നല്‍കാന്‍ ഫാ. ഹ്യൂസിന് കഴിഞ്ഞതായി മുന്‍ സാമൂഹിക സുരക്ഷാ മന്ത്രി റെജീന ഡൊഹെര്‍ട്ടി പറഞ്ഞു. അയര്‍ലണ്ടിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അതിനായുള്ള ചര്‍ച്ച അനിവാര്യമാണെനന്നും അവര്‍ പറഞ്ഞു.

comments


 

Other news in this section