ന്യൂയോർക്ക്‌ ടൈംസിന്റെ 100 ശ്രദ്ധേയ പുസ്‌തകങ്ങളിൽ മലയാളിയടക്കം മൂന്ന്‌ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ

ന്യൂയോർക്ക്‌ ടൈംസിന്റെ 100 ശ്രദ്ധേയ പുസ്‌തകങ്ങളിൽ മലയാളിയടക്കം മൂന്ന്‌ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ. പാലക്കാട്‌ സ്വദേശിനി ദീപ ആനപ്പാറയുടെ ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ, മേഘ മജുംദാറിന്റെ എ ബേണിങ്‌, ജനകീയ ശാസ്‌ത്രകാരൻ ജെ ബി എസ്‌ ഹാൾഡേനെ കുറിച്ച്‌ സാമന്ത്‌ സുബ്രഹ്‌മണ്യൻ രചിച്ച ജീവചരിത്രം എന്നീ പുസ്‌തകങ്ങളാണ്‌ പട്ടികയിൽ ഇടംപിടിച്ചത്‌. അമേരിക്കൻ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ എ പ്രോമിസ്‌ഡ്‌ ലാൻഡും ന്യൂയോർക്ക്‌ ടൈംസ്‌ ബുക്ക്‌ റിവ്യൂ എഡിറ്റർമാർ തയ്യാറാക്കിയ 2020ലെ നൂറ്‌ ശ്രദ്ധേയ പുസ്‌തകങ്ങളുടെ പട്ടികയിലുണ്ട്‌.

മാധ്യമപ്രവർത്തകയായിരുന്ന ദീപ ആനപ്പാറയുടെ ആദ്യ നോവലാണ്‌ ജിൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ. സഹപാഠിയുടെ തിരോധാനത്തിലുള്ള നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ഒമ്പതു വയസ്സുകാരന്റെ ശ്രമങ്ങളാണ്‌ നോവലിന്റെ ഇതിവൃത്തം. 2020ലെ ജെസിബി പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ച നോവലാണ് ഇത്‌. ഡെബോറാ റോജേഴ്‌സ്‌ ഫൗണ്ടേഷൻ അവാർഡ്‌, ലുസി കാവൻഡിഷ്‌ ഫിക്‌ഷൻ അവാർഡ്‌, ബ്രിഡ്‌പോർട്ട്‌/ പെഗ്ഗി ചാപ്‌മൻ ആൻഡ്രൂസ്‌ അവാർഡ്‌ തുടങ്ങിയവ ലഭിച്ച ഈ നോവൽ 19 ഭാഷകളിലേക്ക്‌ തർജമ ചെയ്‌തിട്ടുണ്ട്‌.

മാധ്യമപ്രവർത്തകയായിരുന്ന ദീപയുടേതായി ഗുജറാത്തിനെ കുറിച്ച്‌ നിരവധി റിപ്പോർട്ടുകളുണ്ട്‌. മുംബൈയിലെയും ഡൽഹിയിലെയും യുവാക്കളുടെ പട്ടിണി, അക്രമം തുടങ്ങിയവയെക്കുറിച്ചും ശ്രദ്ധേയ റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്‌.
ഡെവലപ്പിങ്‌ ഏഷ്യാ ജേർണലിസം അവാർഡ്‌ അടക്കം മാധ്യമ, സാഹിത്യ മേഖലകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടി‌. ഇംഗ്ലണ്ടിലെ നോർവിച്ചിലെ ഈസ്റ്റ്‌ ആംഗ്ലിയ സർവകലാശാലയിൽ പിഎച്ച്‌ഡി ചെയ്യുകയാണ്‌.

Share this news

Leave a Reply

%d bloggers like this: