അയര്‍ലണ്ടിലെ ആദ്യ വാക്‌സിന്‍ ഡിസംബര്‍ 30നെന്ന് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ കോവിഡ്-19നെതിരായ ആദ്യ വാക്‌സിന്‍ ഡിസംബര്‍ 30ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly. ആദ്യ പടിയായി 10,000 Pfizer/BioNTech വാക്‌സിനുകളാണ് നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് ജനുവരി മുതല്‍ ആവശ്യമായത്രയും വാക്‌സിനുകള്‍ മുടക്കമില്ലാതെ എത്തിക്കുമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. Pfizer/BioNTech വാക്‌സിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് എത്രയും വേഗം രാജ്യത്ത് വാക്‌സിനെത്തിക്കാനുള്ള നടപടികളാരംഭിച്ചത്.

നഴ്‌സിങ് ഹോമുകളില്‍ താമസിക്കുന്നവര്‍ക്കുള്ള രണ്ട് ഡോസ് വാക്‌സിന്‍ ഫെബ്രുവരിയോടെ നല്‍കുമെന്നും Donnelly പറഞ്ഞു. മുന്‍ഗണനാക്രമത്തിലാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുക.

രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള പരിശ്രമമാണ് നടത്തുന്നതെന്നും, പുതുവത്സരത്തോടെ വൈറസിനെ പിടിച്ചുകെട്ടാനുള്ള കരുത്ത് ഇതോടെ കൈവരുമെന്നുമാണ് പ്രതീക്ഷയെന്നും ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാന്‍ സമയമെടുക്കുമെന്നും, അതുവരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശുശ്രൂഷാ കേന്ദ്രങ്ങളില്‍ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന. ഒപ്പം രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിന്‍ നല്‍കും. ശേഷം 85, 70 വയസിന് മുകളിലുള്ളവര്‍, ഇവര്‍ക്ക് പുറകെ 65, 69 വയസ് കഴിഞ്ഞവര്‍ എന്നിങ്ങനെയാണ് വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനാക്രമം. വിവിധ രോഗങ്ങളുള്ളവര്‍ക്കും വൈകാതെ വാക്‌സിന്‍ ലഭിക്കും.

Share this news

Leave a Reply

%d bloggers like this: