അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് അപ്രൂവല്‍ റെക്കോര്‍ഡ് നിലയില്‍

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് അപ്രൂവല്‍ നിരക്ക് റെക്കോര്‍ഡ് നിലയിലെന്ന് Banking and Payments Federation Ireland (BPFI)-ന്റെ റിപ്പോര്‍ട്ട്. നവംബറിലെ കണക്കനുസരിച്ച് 5,198 മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 നവംബറിനെ അപേക്ഷിച്ച് 24% വര്‍ദ്ധനവാണ് ഇത്. 1.28 ബില്യണ്‍ യൂറോയാണ് ഈ മോര്‍ട്ട്‌ഗേജുകളുടെ ആകെ മൂല്യം. 2011ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കൊറോണ വ്യാപനം ആരംഭിച്ചതുമുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ പാര്‍പ്പിട മേഖലയെയും സ്തംഭിപ്പിച്ചെങ്കിലും ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം മേഖല വമ്പന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നടത്തിയത്. ആദ്യമായി വീട് വാങ്ങുന്നവരാണ് മോര്‍ട്ട്‌ഗേജ് എടുത്തവരില്‍ ഏറെയും. നവംബറില്‍ അപ്രൂവ് ആയ 54% മോര്‍ട്ട്‌ഗേജുകളും ഇത്തരക്കാരുടേതാണ്.

അതേസമയം നിലവിലെ മോര്‍ട്ട്‌ഗേജ് പുതുക്കുന്നവരുടെയും, മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് മോര്‍ട്ട്‌ഗേജ് മാറ്റുന്നവരുടെയും എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2019നെ അപേക്ഷിച്ച് 18 ശതമാനമാണ് ഈ ഗണത്തിലുണ്ടായ വര്‍ദ്ധന.

ഇതിനിടെ കൊറോണ ബാധയെത്തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. വീടുകളുടെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള അന്തരം കുറച്ചുകാലത്തേയ്ക്ക് കൂടി നീളാനാണ് സാധ്യതയെന്നും ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Share this news

Leave a Reply

%d bloggers like this: