കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട കൗമാരക്കാരുടെ ഫോട്ടോ ഷെയര്‍ ചെയ്തയാള്‍ക്ക് 150 മണിക്കൂര്‍ സാമൂഹിക സേവനം ശിക്ഷ

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടികളുടെ വ്യക്തിത്വം വെളിവാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്ക് 150 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനം ശിക്ഷ വിധിച്ച് കോടതി. കോര്‍ക്ക് സ്വദേശിയായ Jason Forde എന്ന 36-കാരനെയാണ് കോര്‍ക്ക് ജില്ലാ കോടതി ശിക്ഷിച്ചത്. 14കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെത്തുടര്‍ന്നാണ് കേസ് ഗാര്‍ഡ അന്വേഷിക്കുകയും കോടതിയിലെത്തുകയും ചെയ്തത്.

താന്‍ ചെയ്യുന്നത് ഒരു കുറ്റകൃത്യമാണെന്ന് Jason അറിഞ്ഞിരുന്നില്ലെന്നും, മറ്റാരോ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ഇദ്ദേഹം ചെയ്തതെന്നും Jason-ന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് നാല് മാസത്തെ ജയില്‍ശിക്ഷയ്ക്ക് പകരമായി ജഡ്ജ് Olann Kelleher, 150 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹികസേവനം  വിധിക്കുകയായിരുന്നു.

2019 ജൂണ്‍ 19ന് ഇവരുടെ ഫോട്ടോ സഹിതം Jason പോസ്റ്റ് ഷെയര്‍ ചെയ്യുകയും, 2001-ലെ Children’s Act പ്രകാരം ഗാര്‍ഡ കേസ് രജിസ്റ്റ് ചെയ്യുകയുമായിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തയുടന്‍ ചില സുഹൃത്തുക്കള്‍ വിളിച്ച് മുന്നറിയിപ്പ് കൊടുത്തതിനാല്‍ Jason, ഗാര്‍ഡ വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്നും, അന്വേഷണത്തോടെ പൂര്‍ണ്ണമായും സഹകരിച്ചെന്നും ഗാര്‍ഡ കോടതിയില്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: