കോവിഡ് രോഗികളെ വരാന്തയിൽ ചികിൽസിക്കേണ്ട അവസ്ഥ; ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ പ്രതിസന്ധിയിലേക്ക്

കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ  ആശുപത്രി വരാന്തയില്‍ രോഗികളെ നിരനിരയായി കിടത്തേണ്ട അവസ്ഥയിലാണെന്ന് University Hospital Limerick (UHL). വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് 142 രോഗികളാണ് UHL-ല്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളതും ഇവിടെയാണ്.

ലിമറിക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 28 തീവ്രപരിചരണ യൂണിറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 12 എണ്ണത്തില്‍ രോഗികള്‍ ചികിത്സയിലാണ്. ഇനി 3 ക്രിട്ടിക്കല്‍ കെയര്‍ ബെഡ്ഡുകളും, അഞ്ച് ജനറല്‍ ബെഡ്ഡുകളും മാത്രമേ ഒഴിവുള്ളൂ എന്നും HSE റിപ്പോര്‍ട്ടില്‍ പറയുന്നു. പല രോഗികളും 100 മണിക്കൂറോളം ബെഡ്ഡ് ലഭിക്കാനായി കാത്ത് നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായിരിക്കുന്നുവെന്നും, ആശുപത്രിയില്‍ ആവശ്യത്തിന് സ്റ്റാഫിനെ ലഭിക്കുന്നില്ലെന്നും UHL അധികൃതര്‍ പ്രതികരിച്ചു. വരാന്തയിലടക്കം രോഗികളെ ചികിത്സിക്കേണ്ടി വരുന്നതായും, സാമൂഹിക അകലം പാലിക്കാന്‍ പോലും പറ്റുന്നില്ലെന്നും അധികൃര്‍ പറയുന്നു. ആശുപത്രിയിലെ 201 സ്റ്റാഫുകള്‍ക്ക് കോവിഡ് കാരണം ജോലിക്കെത്താനും സാധിക്കുന്നില്ല. ഇനിയും ധാരാളം സ്റ്റാഫുകള്‍ക്ക് വാക്‌സിന്‍ ലഭിക്കാനുമുണ്ട്.

കഴിഞ്ഞ ദിവസം 165 പേര്‍ക്കാണ് ലിമറിക്കില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4,000 ലേറെ പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. തീവ്രവപരിചരണം നല്‍കാന്‍ സൗകര്യമുള്ള പ്രദേശത്തെ ഏക ആശുപത്രി UHL ആയതിനാലാണ് ഇവിടേയ്ക്ക് ഇത്രയും രോഗികള്‍ എത്തുന്നത്.

അയര്‍ലണ്ടിലെ മറ്റ് പ്രധാന ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ കണക്ക് ഇപ്രകാരം: Cork University Hospital 139, Galway University Hospital 127, St Vincent’s Hospital, Dublin 123, Drogheda hospital 110.

Share this news

Leave a Reply

%d bloggers like this: