മഹാമാരിക്കാലത്തെ അനുഭവങ്ങള്‍ കഥകളാക്കി പുസ്തകം പുറത്തിറക്കി മലയാളിയായ ടിയ ആന്‍ അബ്രഹാം

കോവിഡ് മഹാമാരിക്കാലത്തെ അനുഭവങ്ങളെ കഥകളാക്കി മാറ്റി പുസ്തകം പുറത്തിറക്കി 12 വയസുള്ള മലയാളി പെണ്‍കുട്ടി. വിക്ക്‌ലോ കൗണ്ടിയിലെ ഗ്രേസ്‌റ്റോണ്‍സ് സ്വദേശിനിയായ ടിയ ആന്‍ ജെയിന്‍ ആണ് ആറ് ചെറുകഥകളുടെ സമാഹാരം, സ്വയം വരച്ച ചിത്രങ്ങളടക്കം ‘The Tales of Joy’ എന്ന പേരില്‍ പുസ്തകമാക്കിയത്. കോവിഡ് ബാധയെത്തുടര്‍ന്ന് ലോകം മുഴുവന്‍ അടച്ചിട്ട വീടുകള്‍ക്കുള്ളിലായപ്പോള്‍ അന്ന് 11 വയസുണ്ടായിരുന്ന ടിയയുടെ ഭാവന ചിറക് വിടര്‍ത്തുകയായിരുന്നു. സ്‌കൂളുകള്‍ അടച്ചിട്ട ലോക്ക്ഡൗണ്‍ കാലത്ത് ചുറ്റുമുള്ള ജീവിതങ്ങള്‍ നിരീക്ഷിച്ചതാണ് കഥകള്‍ക്ക് വിത്തു പാകിയത്. എല്ലാ കഥകളിലെയും കേന്ദ്രകഥാപാത്രം ജോയ് എന്ന് പേരുള്ള ഒരു മുയല്‍ക്കുട്ടനാണ്.

കഥകളിലൊന്നില്‍ ടിയ, അമ്മ ആനി അബ്രഹാമിന് നല്‍കുന്ന സ്‌നേഹത്തിന്റെയും പിന്തുണയുടെയും നേര്‍ക്കാഴ്ച, മുയല്‍ക്കുട്ടന്റെ ജീവിതത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ്.

ഡബ്ലിനിലെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയില്‍ നഴ്‌സാണ് ടിയയുടെ അമ്മ ആനി. അമ്മയും അച്ഛന്‍ ജെയിന്‍ പോളും നല്‍കിയ ആത്മവിശ്വാസമാണ് നേരത്തെ എഴുത്തും വായനയും ശീലമാക്കിയ ടിയ പുസ്തകം എഴുതുന്നതില്‍ പ്രകടമാക്കിയത്. ടിയ കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് മാസത്തോളമാണ് ജെയിന്‍ ഒരു പബ്ലിഷറെ അന്വേഷിച്ച് അലഞ്ഞത്. ഒടുവില്‍ ആമസോണുമായി കരാറിലെത്തി. ‘The Tales of Joy’ ആമസോണില്‍ വായിക്കാവുന്നതാണ്. ‘ഒരു 11-കാരിയായ എഴുത്തുകാരിയുടെ അച്ഛനാകുക എന്നതിലപ്പുറം എന്ത് അഭിമാനമാണ് തനിക്ക് ലഭിക്കാനുള്ളത്’ എന്നാണെന്നാണ് ജെയിന്‍ ചോദിക്കുന്നത്.

ജോയിനെ കേന്ദ്രകഥാപാത്രമാക്കി പുതിയ രചന ആരംഭിച്ചിരിക്കുകയാണ് ടിയ ഇപ്പോള്‍. തന്റെ കഥകള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുമെന്ന് വിശ്വസിക്കുന്ന ടിയ, വാക്‌സിന്‍ കൂടി എത്തിയതോടെ ഈ കഠിനകാലത്തിന് ഉടന്‍ അറുതിയാകുമെന്നും പറയുന്നു.

Share this news

Leave a Reply

%d bloggers like this: