അയർലണ്ടിന്റെ സ്വന്തം ബൈഡൻ; ജോ ബൈഡന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ഐറിഷുകാരും

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേല്‍ക്കുന്ന വേള ആഘോഷമാക്കി അയര്‍ലണ്ടും. ബൈഡന്റെ പൂര്‍വ്വികര്‍ അയര്‍ലണ്ടിലെ Louth, Mayo എന്നിവിടങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണെന്നത് ഐറിഷുകാര്‍ക്ക് ഇരട്ടിമധുരമായി. ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് എന്നിവര്‍ ബൈഡന് ആശംസകളുമായി രംഗത്തെത്തി.

ബൈഡന്‍ അയര്‍ലണ്ടിന്റെ യഥാര്‍ത്ഥ സുഹൃത്താണെന്നും, ഇന്ന് രണ്ട് മഹത്തായ രാജ്യങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന ചരിത്രത്തിന്റെയും പ്രതീക്ഷയുടെയും ദിവസമാണെന്നും മാര്‍ട്ടിന്‍ ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും, ആ സ്ഥാനത്തെത്തുന്ന വെളുത്ത വര്‍ഗക്കാരിയല്ലാത്ത ആദ്യത്തെ ആളുമായ കമല ഹാരിസിനും മാര്‍ട്ടിന്‍ ആശംസകള്‍ നേര്‍ന്നു.

ബൈഡന് ഹൃദ്യമായ ആശംസകള്‍ അറിയിക്കുന്നതായി ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ട്വിറ്ററില്‍ കുറിച്ചു. നായകനായി സഹപൗരന്മാരാല്‍ തെരഞ്ഞെടുക്കപ്പെടുന്നതിലും വലിയ അഭിമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന് ആശംസയുമായി നീണ്ട കത്തും ഹിഗ്ഗിന്‍സ് ട്വിറ്ററില്‍ പങ്കുവച്ചു.

ബൈഡന്‍ അയര്‍ലണ്ടിലേയ്ക്ക് തിരികെ വരാനും സന്ദര്‍ശനം നടത്താനും കാത്തിരിക്കുന്നതായി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. കോവിഡ് നിയന്ത്രണവിധേയമാകുന്നതോടെ അദ്ദേഹം അയര്‍ലണ്ടിലെത്തുമെന്ന് മാര്‍ട്ടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബൈഡന്റെ അടുത്ത ബന്ധുക്കളായ ധാരാളം പേര്‍ ഇപ്പോഴും അയര്‍ലണ്ടിലുണ്ട്. കേക്കും വൈനുമായും, ഐറിഷ്-അമേരിക്കന്‍ പതാകകളുയര്‍ത്തിയും ഇവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

Share this news

Leave a Reply

%d bloggers like this: